എം ജി ആറിന്റെ നായിക സ്ഥാനത്തിനു യോജിച്ച രീതിയിൽ പെരുമാറണം എന്ന ഓർമയിൽ ഞാൻ അടങ്ങിയൊതുങ്ങി ഇരിക്കും; ഷീല പറയുന്നു !

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട മഹാനടിയാണ് ഷീല . അറുപതുകളിൽ സിനിമാ ലോകത്തേക്ക് എത്തിയ ഷീല മലയാളത്തിലും തമിഴിയിലുമായി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 1962 ൽ എം ജി ആർ നായകനായ ‘പാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷീലയുടെ അരങ്ങേറ്റം. ആദ്യ അഭിനയിച്ച ചിത്രം അതാണെങ്കിലും ആദ്യം പുറത്തിറങ്ങിയത് പി ഭാസ്‌കരൻ സംവിധാനം ചെയ്ത ‘ഭാഗ്യ ജാതകം’ എന്ന മലയാള സിനിമ ആയിരുന്നു.

ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച നടനായ എം ജി ആറിനൊപ്പം സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച ഷീല മലയാളത്തിൽ അതുല്യ നടൻ സത്യനൊപ്പമാണ് ആദ്യം അഭിനയിച്ചത്. പിന്നീടങ്ങോട്ട് ഷീലയുടെ കാലമായിരുന്നു. മലയാളത്തിലും തമിഴിലും മാറി മാറി ഷീല അഭിനയിച്ചു. പിന്നീട് തമിഴ് വിട്ട് മലയാളത്തിൽ നടി സജീവമായി. ഇന്ന് സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികലോക്കെയായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഷീല എത്താറുണ്ട്.

പതിമൂന്നാം വയസിൽ നാടകത്തിൽ സജീവമായ ഷീല അതിൽ നിന്നാണ് സിനിമയിലേക്ക് ചുവടുമാറ്റുന്നത്. ആദ്യ ചിത്രമായ പാസത്തിൽ എത്തുമ്പോൾ തന്റെ കുട്ടിക്കളി മാറിയിട്ടുണ്ടായിരുന്നില്ല എന്നോർക്കുകയാണ് ഷീലയിപ്പോൾ. എം ജി ആർ എന്ന നടൻ ആരാണെന്ന് മനസിലാക്കാതെയാണ് താൻ അഭിനയിച്ചതെന്നും ഷീല പറയുന്നു.പ്രമുഖ മാധ്യമത്തിന്റെ ആഴ്ചപ്പതിപ്പിന്റെ പ്രത്യേക അഭിമുഖത്തിലാണ് ഷീല തന്റെ ആദ്യ സിനിമയെ കുറിച്ചും എം ജി ആറുമായുള്ള പരിചയത്തെ കുറിച്ചും സംസാരിച്ചത്. ഷീലയുടെ വാക്കുകൾ ഇങ്ങനെ.

‘പാസം കഴിഞ്ഞപ്പോഴാണ് എം ജി ആർ വലിയൊരാളാണെന്ന് ഞാൻ മനസ്സിലാക്കിയത്. അദ്ദേഹം വരുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കുന്നു. വളരെ ബഹുമാനത്തോടെ പെരുമാറുന്നു. അദ്ദേഹം ഇല്ലാത്തപ്പോഴും അദ്ദേഹത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നതും വളരെ ആദരവോടെയാണ്. പക്ഷേ, അപ്പോഴും ‘അദ്ദേഹം വലിയ ആളാണെങ്കിൽ നമുക്കെന്താ’ എന്നൊരു തോന്നലേ എനിക്കുള്ളൂ

Read more

,’

‘അന്ന് എനിക്ക് അത്രയും വിവരമേയുണ്ടായിരുന്നുള്ളൂ. ഷോട്ടിനിടെ ബ്രേക്ക് വരുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളെല്ലാം വല്ല മരത്തണലിലും പോയിരിക്കും. ആദ്യ ദിവസം ഞാനും അവരുടെ കൂടെ പോയിരുന്നു സംസാരിക്കുകയും കളിക്കുകയും ചെയ്തു. രണ്ടാമത്തെ ദിവസം അസിസ്റ്റന്റ് ഡയറക്ടർ എന്നെവിളിച്ചു പറഞ്ഞു, ‘നിങ്ങൾ ഒരു ആർട്ടിസ്റ്റാണ്. എം ജി ആറിന്റെ നായികയാണ്. അതു മറക്കരുത്. ആ നിലവിട്ടു പെരുമാറരുത്’ എന്ന്,’

‘അപ്പോഴാണ് എനിക്ക് അദ്ദേഹത്തിന്റെ വില മനസ്സിലായത്. അതിൽപ്പിന്നെ ഞാൻ അങ്ങനെ ആരോടും ഇടപെടാതെയായി. എപ്പോഴും ഒരു കസേരയിൽ ഇരിക്കും. എനിക്ക് സംസാരിക്കാനും കളിക്കാനും ഒക്കെ വെമ്പലുണ്ട്. ആളുകളോട് ഇടപെടണം എന്നും ആഗ്രഹമുണ്ട്. പക്ഷേ, എം ജി ആറിന്റെ നായിക എന്നത് ഒരു വലിയ പദവിയാണ്. ആ സ്ഥാനത്തിനു യോജിച്ച രീതിയിൽ പെരുമാറണം എന്ന ഓർമയിൽ ഞാൻ അടങ്ങിയൊതുങ്ങി ഇരിക്കും.,’ ഷീല ഓർത്തു.

ജയലളിതയെ പരിചയപ്പെട്ടതും ഷീല പറയുന്നുണ്ട്. ‘പാസ’ത്തിനുശേഷം എം ജി ആറിനൊടൊപ്പം പുതിയ ഭൂമി എന്നൊരു സിനിമയിൽ അഭിനയിച്ചു. ആ ലൊക്കേഷനിൽ വച്ചാണു ജയലളിതയെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും’. ജയലളിതയുമായുള്ള സൗഹൃദം പിൽക്കാലത്തു ഗാഢമായെന്നും ഷീല പറഞ്ഞു. പാസം, പനംതോട്ടം, പുതിയ ഭൂമി എന്നീ ചിത്രങ്ങളിലാണ് ഷീല എം ജി ആറിനൊപ്പം അഭിനയിച്ചത്.

AJILI ANNAJOHN :