ജയന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാൻ പോലും ആരും തയ്യാറായില്ല – ഷാനവാസ്

അപ്രതീക്ഷിതമായൊരു വിടവാങ്ങലായിരുന്നു നടൻ ജയന്റേത് . മലയാള സിനിമക്ക് തന്നെ അതൊരു തീരാ നഷ്ടമായിരുന്നു. ഇന്നും ജയന്റെ കുറവ് നികത്താൻ ഒരു നടനും സാധിച്ചിട്ടുമില്ല. വളരെ അടുപ്പത്തിലായിരുന്നു പ്രേം നസീറും കുടുംബവും.

ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആരും തയ്യാറായില്ലെന്നും അവസാനം നസീര്‍ ഇടപെട്ടുവെന്നും ഷാനവാസ് പറയുന്നു.

മദ്രാസില്‍ സിനിമാ ഷൂട്ടിങ്ങിന് വന്നാല്‍ ജയന്‍ ഞങ്ങളുടെ വിട്ടിലേക്കാണ് ആദ്യം വരിക. രാവിലെ വന്ന് പ്രാതല്‍ കഴിക്കും പിന്നെ എന്റെ ഫാദര്‍ അദ്ദേഹത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ വിടും. സ്വാഭാവികമായും ഞാനും ജയനും തമ്മില്‍ വല്ലാതെ അടുത്തു. 

ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു. നസീറിന്റെ വലതു കൈ പോലെയായിരുന്നു ജയന്‍. ജയന്‍ മരിക്കുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു. ഫാദര്‍ കേരളത്തില്‍ ഏതോ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. അദ്ദേഹത്തിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യം ഉണ്ടായിരുന്നു. എന്നെ വിളിച്ചു പറഞ്ഞു, നീ എല്ലാ കാര്യവും നോക്കണേ എന്ന്. 

അന്ന് തമിഴ്‌നാട്ടില്‍ സിനിമാക്കാരുടെ ഒരു സംഘടന ഉണ്ടായിരുന്നു. ഒരുപാട് സംഘാടകരും ഉണ്ടായിരുന്നു. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ യാതൊരു നടപടിയും എടുത്തില്ല. അവര്‍ പണം മുടക്കാന്‍ തയ്യാറായില്ല. ഞാനത് ഫാദറിനോട് വിളിച്ചു പറഞ്ഞു. അദ്ദേഹം പറഞ്ഞു, നീ വീട്ടിലിരിക്കുന്ന പണം എടുക്കൂ എന്നിട്ടും തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ ചെല്ലൂ, എനിക്ക് ജയനെ ഇവിടെ കാണണം.

എത്ര പണമായാലും വേണ്ടില്ല ജയന്റെ ബോഡി നാട്ടില്‍ എത്തിക്കണം എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് തയ്യാറായപ്പോഴേക്കും നേരത്തേ പറഞ്ഞ സംഘാടകരെല്ലാം അതില്‍ കയറി. പിന്നെ ഞങ്ങളെല്ലാം പുറത്തായി- ഷാനവാസ് പറഞ്ഞു. 

shanavas about jayan’s death

Sruthi S :