വീണ്ടും വിള്ളൽ ! പൃഥ്വിരാജിന് പിന്നാലെ ഓഗസ്റ്റ് സിനിമാസ്സിൽ നിന്നും പടിയിറങ്ങാനൊരുങ്ങി സന്തോഷ് ശിവനും ?

ഓഗസ്റ്റ് സിനിമാസിൽ വിള്ളൽ വീണിട്ട് കാലം കുറച്ചായി. ആദ്യം അവിടെ നിന്നും പടിയിറങ്ങിയത് പൃഥ്വിരാജ് ആണ് . ഒട്ടേറെ മികച്ച ചിത്രങ്ങളാണ് ഓഗസ്റ്റ് സിനിമാസ് മലയാളികൾക്ക് സമ്മാനിച്ചത് . ഇപ്പോൾ അവിടെ നിന്നും സന്തോഷ് ശിവനും പടിയിറങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

പൃഥ്വിരാജ്, ആര്യ, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഓഗസ്റ്റ് സിനിമാസിന് തുടക്കമിട്ടത്. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് പിന്‍വാങ്ങിയത്. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചതെങ്കിലും സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി അദ്ദേഹമെത്തിയിരുന്നു.

ഈ ബാനറില്‍ നിന്നും ആദ്യം പുറത്തിറങ്ങിയ സിനിമ നയനായിരുന്നു. സോണി പിക്‌ചേഴ്‌സിനോടൊപ്പം സംയുക്തമായി ചേര്‍ന്നായിരുന്നു നയന്‍ നിര്‍മ്മിച്ചത്. സയന്റിഫിക് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജായിരുന്നു. നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജിന് പിന്നാലെയായി സന്തോഷ് ശിവനും ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും മറ്റൊരു പടിയിറക്കം കൂടി സംഭവിക്കുകയാണെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

വിതരണക്കമ്പനിയുടെ അമരക്കാരിലൊരാളായിരുന്ന പൃഥ്വിരാജ് നേരത്തെ പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയായാണ് സന്തോഷ് ശിവനും പുറത്തേക്ക് പോവുന്നത്. ക്യാമറമാനും സംവിധായകനുമായ സന്തോഷ് ശിവന്റെ പിന്‍മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചാണ് പ്രേക്ഷകലോകം ചര്‍ച്ച ചെയ്യുന്നത്. നാളുകള്‍ക്ക് ശേഷം ജാക്ക് ആന്റ് ജില്ലിലൂടെ അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്, മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ഇത് കൂടാതെ മറ്റ് ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വിതരണക്കമ്പനിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളില്‍ നിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ഓഗസ്റ്റ് സിനിമാസിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു കുഞ്ഞാലി മരക്കാര്‍. മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത് ഷാജി നടേശനായിരുന്നു. സന്തോഷ് ശിവനായിരിക്കും സിനിമ സംവിധാനം ചെയ്യുകയെന്നും കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് സിനിമയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രിയദര്‍ശന്‍രെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയായാണ് തങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കിയത്. 2 വര്‍ഷത്തിലധികമായി ഈ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നിട്ട്. കൃത്യമായ പ്ലാനിംഗും തിരക്കഥയും ഉണ്ടായിട്ടും സിനിമ ഇതുവരെ തുടങ്ങിയിട്ടില്ല. മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ആവര്‍ത്തിച്ചപ്പോഴും സംവിധായകന്‍ മൗനം പാലിക്കുകയായിരുന്നു.

ഇത്തരത്തില്‍ സിനിമകളുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണ് സംവിധായകന്റെ തീരുമാനത്തിന് പിന്നിലെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഒപ്പത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമയുമായി എത്തുകയാണ് താനെന്നും ചരിത്ര സിനിമയുമായാണ് ഇത്തവണത്തെ വരവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവികഥയാണ് സിനിമയാക്കുന്നതെന്നും സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് വ്യക്തമാക്കി ഷാജി നടേശനെത്തിയത്. 6 മാസത്തിനുള്ളില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയില്ലെങ്കില്‍ സ്വന്തം സിനിമയുമായി മുന്നേറുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ അദ്ദേഹം സ്വന്തം സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുകയായിരുന്നു.

സന്തോഷ് ശിവനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് സിനിമ ആരംഭിച്ചതെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് സിനിമാസില്‍ അഭിപ്രായ ഭിന്നതകളാണെന്നും അക്കാരണത്താലാണ് സംവിധായകന്‍ പുറത്തേക്ക് പോവുന്നതെന്ന തരത്തിലുമുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം താല്‍പര്യപ്രകാരമുള്ള ചിത്രങ്ങളുമായി മുന്നേറുന്നതിന്‍രെ ഭാഗമായാണ് സംവിധായകന്‍ ഇത്തരത്തിലൊരു തീരുമെനമെടുത്തതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറില്‍ നിന്നും സന്തോഷ് ശിവന്‍ പിന്‍വാങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

santhosh sivan leaving august cinemas ?

Sruthi S :