കോളേജില്‍ പഠിക്കുമ്പോള്‍ ലക്ഷ്മിക്കായി ആരു നീ എന്നോമലേ എന്ന് പാടി… വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതത്തെ കൂട്ടുപിടിച്ച് ചെറുപ്രായത്തില്‍ വിവാഹിതനായ ബാലഭാസ്‌കറുടെ പ്രണയകഥ…

കോളേജില്‍ പഠിക്കുമ്പോള്‍ ലക്ഷ്മിക്കായി ആരു നീ എന്നോമലേ എന്ന് പാടി… വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതത്തെ കൂട്ടുപിടിച്ച് ചെറുപ്രായത്തില്‍ വിവാഹിതനായ ബാലഭാസ്‌കറുടെ പ്രണയകഥ…

മലയാളികളെ ഒന്നടങ്കം കണ്ണീഴിലാഴ്ത്തിക്കൊണ്ടാണ് പ്രശസ്ത വയലിനിസ്റ്റ ബാലഭാസ്‌കര്‍ യാത്രയായത്. ബാലഭാസ്‌കര്‍ വിടപറയുമ്പോഴും ബാലുവിന്റെ പ്രണയം മലയാളികളുടെ മനസ്സില്‍ നിറഞ്ഞെത്തുകയാണ്. ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്.

വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ തന്നെ വിവാഹിതനാകുകയായിരുന്നു ബാലഭാസ്‌കര്‍. 22ാം വയസിലാണ് ബാലു ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അന്ന് ബാലഭാസ്‌കര്‍ എം.എ. സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ഥിനിയായിരുന്നു.

ബാലഭാസ്‌കര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ‘കണ്‍ഫ്യൂഷന്‍’ ആണ് ഒരു പക്ഷേ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. ‘കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവായിരുന്നു.

മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് തുടക്കത്തില്‍ ബാന്‍ഡിലുണ്ടായിരുന്നത്.. നിനക്കായി, നീ അറിയാന്‍ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് ‘കണ്‍ഫ്യൂഷന്‍’ പുറത്തിറക്കിയത്. പൂജപ്പുരയില്‍ വാടകവീട്ടില്‍ താമസിച്ചാണ് ഫ്യൂഷന്‍ ഷോകള്‍ നടത്തിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ആരു നീ എന്നോമലേ….. എന്നു തുടങ്ങുന്ന പാട്ട് അന്ന് ക്യാമ്പസുകള്‍ ഏറ്റെടുത്തിരുന്നു. ബാലുവിന്റെ സുഹൃത്ത് ജോയ് തമലം എഴുതിയ വരികള്‍ക്ക് ബാലു തന്നെയാണ് ശബ്ദം നല്‍കിയതും. രണ്ടുവര്‍ഷം പ്രായമുള്ള ‘കണ്‍ഫ്യൂഷന്‍’ ബാന്റ് ഇതിനിടെ പിരിഞ്ഞു.


കുറച്ചു നാളത്തെ ഇടവേളക്കുശേഷം ‘ദി ബിഗ് ബാന്റ്’ പിറവിയെടുത്തു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്പരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, നെയ്യാറ്റിന്‍കര വാസുദേവന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരന്‍മാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകര്‍ കൂടുകയായിരുന്നു. അപ്പോഴേക്കും മുക്കിനുമുക്കിന് മ്യൂസിക് ബാന്റുകളായി. ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്‌കറിനെ പിന്നെ നയിച്ചത്. കുറേനാള്‍ ബാന്റില്ലാതെ ‘ബാലലീല’ എന്ന പേരില്‍ സ്വന്തം സംഗീത പരിപാടികളുമായി മുന്നോട്ടു പോയി. ‘ക്വാബോന്‍ കെ പരിന്‍ഡെ’ എന്ന പേരില്‍ ഹിന്ദി ആല്‍ബവും ബാലു പുറത്തിറക്കിയിട്ടുണ്ട്.

Balabhaskar love story

Farsana Jaleel :