എൻ്റെ അച്ഛൻ അനിൽ രാധാകൃഷ്‌ണൻ മേനോൻ അല്ല ! – രജിത് മേനോൻ

അനിൽ രാധാകൃഷ്ണൻ മേനോൻ കാരണം പണി കിട്ടിയത് നടൻ രജിത് മേനോൻ ആണ്. യാതൊരു ബന്ധവും ഈ വിഷയവുമായി ഇല്ലാതിരുന്നിട്ടും അനാവശ്യമായി രജിത്തിനെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. വിക്കിപീഡിയ ആണ് അനിലിനെ ചതിച്ചത് . വിക്കിപീഡിയയിൽ രജിത്തിന്‍റെ അച്ഛന്‍റെ പേര് അനിൽ രാധാകൃഷ്ണമേനോൻ എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്‍ ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണമേനോനും തമ്മിലുണ്ടായ പ്രശ്നത്തിന് പുറകേ  നിരവധി സന്ദേശങ്ങളാണ് രജിത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ അച്ഛനെയോര്‍‍ത്ത് ലജ്ജ തോന്നുന്നു എന്നു പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇതില്‍ ഏറെയും.

രജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളേ…എന്‍റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്‍റെ അച്ഛന്‍റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.

സത്യം, അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചുദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്. 

rajith menon about anil radhakrishna menon

Sruthi S :