“തള്ളിപ്പറഞ്ഞാല്‍ കുഞ്ഞനുജനാണെങ്കില്‍ കൂടി ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും…” രണം പരാജയമെന്ന് പറഞ്ഞ പൃഥ്വിയ്ക്ക് മോഹന്‍ലാലിനെ കൂട്ടുപിടിച്ച് റഹ്മാന്റെ മാസ് മറുപടി

“തള്ളിപ്പറഞ്ഞാല്‍ കുഞ്ഞനുജനാണെങ്കില്‍ കൂടി ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും…” രണം പരാജയമെന്ന് പറഞ്ഞ പൃഥ്വിയ്ക്ക് മോഹന്‍ലാലിനെ കൂട്ടുപിടിച്ച് റഹ്മാന്റെ മാസ് മറുപടി

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ രണം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന് പ്രതികരണവുമായി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. താന്‍ നായകനായെത്തിയ രണം വിജയിച്ചില്ലെന്ന പൃഥ്വിരാജിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ റഹ്മാനും രംഗത്തെത്തിയിട്ടുണ്ട്..

പൃഥ്വിയുടെ കൂടെ’ എന്ന് പേരിട്ടിരുന്ന പരിപാടിയില്‍ ആരാധകരുടെ ചോദ്യത്തിന് പൃഥ്വിരാജ് പ്രതികരിക്കുകയായിരുന്നു. കൂടെ പോലെ ചില സിനിമകള്‍ വിജയമാകുമെന്നും എന്നാല്‍ രണം പോലെ ചില സിനിമകള്‍ വിജയിക്കില്ലെന്നാണ് മറുപടി നല്‍കിയത്. ഇതറിഞ്ഞു കൊണ്ടാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് തനിക്ക് സങ്കടം തോന്നുമെന്നും പൃഥ്വി പറഞ്ഞിരുന്നു. പൃഥ്വിയുടെ ഈ പരാമര്‍ശം സാമൂഹിക മാധ്യമത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

പൃഥ്വിയുടെ പരാമര്‍ശം റഹ്മാനെയും ചൊടിപ്പിച്ചു. രണത്തില്‍ റഹ്മാനും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ നീരസം റഹ്മാന്‍ പരോക്ഷമായി വ്യക്തമാക്കിയത്. രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ അത് സ്വന്തം കുഞ്ഞനുജനാണെങ്കില്‍ കൂടി, തന്റെ ഉള്ളു നോവുമെന്നും കുത്തേറ്റവനെ പോലെ പിടയുമെന്നും റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 1986ല്‍ പുറത്തിറയ മോഹന്‍ലാല്‍ ചിത്രം രാജാവിന്റെ മകനിലെ ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചാണ് റഹ്മാന്റെ പ്രതികരണം.

റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.


ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു. അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് രണമെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്. അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും.

Rahman s mass reply to Prithviraj

Farsana Jaleel :