മലയാള സിനിമ വേണ്ടവിധത്തിൽ ഇന്ദ്രജിത്ത് എന്ന നടനെ ഉപയോഗിച്ചിട്ടില്ല – പൃഥ്വിരാജ്

മലയാള സിനിമ കഴിവുണ്ടായിട്ടും വേണ്ട വിധത്തിൽ ഇന്ദ്രജിത്തിനെ ഉപയോഗിച്ചില്ല എന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ് . ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Indrajith Sukumaran In Lucifer

‘ചേട്ടൻ ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഇതിനുമുമ്പും ഞാൻ പറഞ്ഞിട്ടുള്ളതാണ്, മലയാളത്തില്‍ പ്രായംകുറഞ്ഞ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഇന്ദ്രജിത്ത്. ഇത് അദ്ദേഹത്തിന്റെ അനുജനായിട്ടല്ല, ഫിലിംമേക്കര്‍ എന്ന രീതിയിലാണ് ഞാൻ പറയുന്നത്. സൂപ്പർസ്കിൽഡ് എന്നുപറയാം. ഇപ്പോഴും മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റവും മികച്ച താരം.

‘ഇന്ദ്രജിത്ത് എന്ന നടനോടുള്ള സ്നേഹം അതുപോലെ തന്നെ പങ്കുവയ്ക്കുന്ന ആളാണ് മുരളി ഗോപി. എന്റെ േചട്ടന്റെ കരിയറിലെ ഗംഭീരമായ കഥാപാത്രം സൃഷ്ടിച്ചതും മുരളി തന്നെയാണ്. വട്ടുജയൻ.’

‘അത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നൊരു വേഷമല്ല ലൂസിഫറിൽ ചേട്ടന്റേത്. പക്ഷേ, ലൊക്കേഷനിൽ എത്തി കാമറയ്ക്കു മുന്നിൽ അദ്ദേഹം ചെയ്യുന്നത് മികവോടുകൂടിയാണ്. ഒരു ഷോട്ടിലെങ്കിലും ആഗ്രഹിച്ചു, ‘എന്താ ഈ ചെയ്യുന്നത്’ എന്നൊക്കെ ചോദിക്കണമെന്ന്. അതിനൊരവസരം പോലും ചേട്ടൻ തന്നില്ല. ആ കഥാപാത്രത്തെ അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട്. ഒരുകാര്യം കൂടി, ഞാൻ ഈ പറയുന്നത് എന്റെ അഭിപ്രായമാണ്.’–പൃഥ്വിരാജ് പറഞ്ഞു.

ഗോവർധൻ എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. മാധ്യമപ്രവർത്തകന്റെ വേഷത്തിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നതെന്ന് റിപ്പോർട്ട് ഉണ്ട്. മാർച്ച് 28നാണ് ലൂസിഫർ തിയറ്ററുകളിലെത്തുക.

prithviraj about indrajith

Sruthi S :