‘വിലായത്ത് ബുദ്ധ’ സിനിമയുടെ ഷൂട്ടിനിടെ പരുക്കേറ്റ പൃഥ്വിരാജ് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തെ തിങ്കളാഴ്ച കീ ഹോൾ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ രണ്ടു മാസത്തോളം വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ താനിപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പൃഥ്വിരാജ് പറയുന്നത്. ”അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു.”
”ഭാഗ്യവശാല്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്താന്‍ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ഞാനിപ്പോള്‍ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.”
”വേദനയില്‍ നിന്ന് മുക്തി നേടി എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കാനും എന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാന്‍ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തില്‍ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
അതേസമയം, പൃഥ്വിരാജിന് അപകടം പറ്റിയതോടെ താരത്തിന്റെ സിനിമകള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയില്‍’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. ‘എമ്പുരാന്‍’ അടക്കമുള്ള സിനിമകളാണ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്.