നായകനായി പ്രതാപ് പോത്തന്‍, ചിത്രം കാഫിര്‍


25 വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് മുതിര്‍ന്ന നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നായകവേഷത്തില്‍ എത്തുന്നത്. നവാഗതനായ വിനോദ് കരിക്കോടാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. താടിയുള്ളവരെ ഭയപ്പെടുന്ന അവസ്ഥയായ പൊഗണോഫോബിയ ഉള്ള ഒരാളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് കരിക്കോട് മെട്രോമാറ്റിനിയോട് പറഞ്ഞു.



മാധ്യമപ്രവര്‍ത്തകനായ സന്തോഷ് നീണ്ടനാളത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് ഇത്തരത്തിലൊരു തിരക്കഥക്ക് രൂപം നല്‍കിയത്. മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ പ്രതാപ് പോത്തനുമായി നടത്തിയ അഭിമുഖമാണ് അദ്ദേഹത്തെ തന്നെ തന്‍രെ ആദ്യ ചിത്രത്തില്‍ നായകനാക്കാന്‍ കാരണമെന്നും വിനോദ് വ്യക്തമാക്കി.



ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ രഘുരാമന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത രഘുരാമന് താടിയുള്ളവരെ കാണുമ്പോള്‍ ദേഷ്യവും വെറുപ്പും പേടിയുമാണ്. താടി വെച്ച് നടക്കുന്നവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയുള്ള രഘുവിലൂടെയാണ് കാഫിര്‍ മുന്നോട്ട് പോകുന്നത്. പ്രതാപ് പോത്തനെ മനസ്സില്‍ കണ്ട് തന്നെയാണ് ഈ തിരക്കഥ എഴുതിയത്. ഫോണിലൂടെയാണ് കഥ പ്രതാപ് പോത്തനോട് ആദ്യം പറഞ്ഞത്. പത്ത് മിനിട്ട് കൊണ്ട് കഥ അദ്ദേഹത്തോട് ഫോണിലൂടെ പറഞ്ഞ് കേള്‍പ്പിച്ചു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് വിനോദ് അതും ചെയ്തു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം പ്രതാപ് പോത്തന്‍ വിളിച്ച് ചിത്രത്തില്‍ അഭിനയിക്കാനുള്ള സമ്മതം അറിയിക്കുകയുമായിരുന്നെന്ന് വിനോദ് ഓര്‍ക്കുന്നു.



സിനിമ തന്നെയാണ് മുന്നോട്ടുള്ള ജീവിതവും. നിലവില്‍ മറ്റൊരു സംവിദായകനായി ഒരു തിരക്കഥയുടെ പണിപ്പുരയിലാണെന്നും വിനോദ് പറയുന്നു. ഒരു സിനിമാക്കാരന്‍ എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഘുനാഥന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നത് നീനാ കുറുപ്പാണ്. പുതുമുഖ നടന്‍ സൂരജ് സാജന്‍ മകന്റെ കഥാപാത്രം അവതരിപ്പിക്കുന്നു. ജോജു ജോര്‍ജ്ജ്,വീണാ നായര്‍,കെ.പി.എസി ശാന്തി,ഫവാസ് അലി,ദില്‍ഷാന എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.

ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയയാണ് കാഫിര്‍ നിര്‍മ്മിക്കുന്നത്.ശ്യാം അമ്പാടിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജോയ് തമലത്തിനന്റെ വരികള്‍ക്ക് റോണീ റാഫേലാണ് ഈണം നല്‍കിയിരിക്കുന്നത്. കൊല്ലമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ചിത്രം ഏപ്രിലോടെ തിയ്യേറ്ററുകലിലെത്തും.

prathap pothen’s new filim

HariPriya PB :