മലയാളത്തന്റെ വാനമ്പാടിയ്ക്ക് ഇന്ന് 55ാം പിറന്നാള്‍…… ആശംസകളുമായി സുജാതയും മകളും

മലയാളത്തന്റെ വാനമ്പാടിയ്ക്ക് ഇന്ന് 55ാം പിറന്നാള്‍…… ആശംസകളുമായി സുജാതയും മകളും

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് 55ാം പിറന്നാള്‍. മലയാള ചലച്ചിത്ര സംഗീത ലോകത്ത് പകരം വെയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിനുടമയാണ് ചിത്ര. പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി നിരവധി പേര്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ആദ്യം എത്തിയത് ഗായിക സുജാതയായിരുന്നു. പ്രിയപ്പെട്ട ചിന്നക്കുയിലിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു സുജാത ആശംസകള്‍ നേര്‍ന്നത്. സുജാതയുടെ മകളും ചിത്രയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. കൂടാതെ കുഞ്ഞു ഗായിക ശ്രീയ ജയദീപ്, വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ തുടങ്ങിയവരും ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നു.

1997ല്‍ പുറത്തിറങ്ങിയ അട്ടഹാസം എന്ന ചിത്രത്തിലൂടെയാണ് ചിത്ര മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. എം.ജി രാധാകൃഷ്ണനായിരുന്നു സംഗീത സംവിധാനം. പക്ഷേ ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ…..’ ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രയുടെ ഗാനം. ‘ഞാന്‍ ഏകനാണ്’ എന്ന ചിത്രത്തിന് വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.. 1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടിയെത്തിയത് നിരവധി അവസരങ്ങള്‍ ആയിരുന്നു.


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രയെ തേടിയെത്തിയിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനമാണ് ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. 1987ല്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ മഞ്ഞള്‍ പ്രസാദവും എന്ന ഗാനമാണ് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. 1989ല്‍ വൈശാലി എന്ന ചിത്രത്തിലെ ഇന്ദുപുഷ്പം ചൂടി നില്‍ക്കും എന്ന ഗാനം മൂന്നാമത്തെ ദേശീയ പുരസ്‌കാരവും 1996ല്‍ മിന്‍സാരക്കനവ് എന്ന തമിഴ് ചിത്രത്തിലെ മാന മധുരൈ എന്ന ഗാനത്തിന് നാലാമത്തെ ദേശീയ പുരസ്‌കാരവും 1997ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം വിരാസത്തിലെ പായലേ ചുന്‍ മുന്‍ എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്‌കാരവും 2004ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ദേശീയ പുരസ്‌കാരത്തിന് പുറമെ നിരവധി പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തിയിട്ടുണ്ട്. 15 സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് ചിത്രം. കൂടാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരവും നല്‍കി മലയാളത്തിന്റെ സ്വന്തം വാനമ്പാടിയെ ആദരിച്ചു.

Playback singer KS Chithra birthday

Farsana Jaleel :