“ഈ അവസ്ഥയിലുള്ള ആളിനെ നിങ്ങളെന്തിനാണ് ഇങ്ങനെ ക്യാമറയ്ക്ക് മുന്നില്‍കൊണ്ടു വരുന്നതെന്നൊക്കെ ചോദിക്കുന്നവരുണ്ട്. അവരോടെനിക്കിത്രയേ പറയാനുള്ളു ” – ജഗതിയുടെ മകൾ പാർവതി

അഭിനയലോകത്തേക്ക് മലയാള സിനിമയുടെ അമ്പിളിക്കള തിരികെയെത്തുകയാണ്. പരസ്യ ചിത്രത്തിലൂടെ അപകടത്തെ തുടർന്നുണ്ടായ നീണ്ട 7 വർഷത്തെ ഇടവേളക്ക് ഒരു പരിസമാപ്തി ആവുകയാണ്. മകൻ രാജ്‌കുമാർ തന്നെയാണ് മെട്രോമാറ്റിനിയോട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് അറിയിച്ചത്. എന്നാൽ സന്തോഷവാർത്തയെ വിമര്ശിക്കുന്നവരും കുറവല്ല. എന്തിനു വയ്യാത്ത ആളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണം എന്നാണ് ചിലരുടെ ചോദ്യം . അതിനുള്ള മറുപടി നൽകുകയാണ് മകൾ പാർവതി ഷോൺ .

‘ഈ ഏഴെട്ട് വര്‍ഷം പപ്പ വീട്ടില്‍ തന്നെയാണ്. ഇടയ്ക്ക് ഏതെങ്കിലും ഷോയ്ക്കോ പരിപാടികള്‍ക്കോ പോകുമ്ബോള്‍ ആള്‍ക്കൂട്ടത്തെയും പരിചയക്കാരെയുമൊക്കെ കാണുമ്ബോള്‍ അദ്ദേഹത്തിന് വരുന്ന മാറ്റം ഞങ്ങള്‍ കാണുന്നതാണ്.ആ മാറ്റം കണ്ടിട്ടാണ് ഇങ്ങനെയൊരു തിരിച്ചുവരവിനെക്കുറിച്ച്‌ ചിന്തിച്ചത്. ഞങ്ങള്‍ മക്കളെല്ലാവരും കൂടി ചേര്‍ന്ന് അദ്ദേഹത്തിന് അഭിനയിക്കാനുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കികൊടുക്കുകയാണ്.’

‘ജഗതി ശ്രീകുമാറിനെ പഴയ പോലെ പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുകൊണ്ടുവരാമെന്നുള്ള ഉറപ്പൊന്നുമല്ല ഞങ്ങള്‍ തരുന്നത്. അദ്ദേഹത്തിന് പരിമിതികളുണ്ട്. ഇപ്പോഴും വീല്‍ചെയറിലാണ്. സംസാരശേഷി തിരികെ കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റേതായ രീതിയിലാണ് ആശയവിനിമയം നടത്തുന്നത്. പക്ഷെ മുഖത്ത് വിരിയുന്ന ഭാവങ്ങളില്‍ പഴയ സൂക്ഷ്മത ഇപ്പോഴുമുണ്ട്.

ഒരു നല്ല നടന് അഭിനയിക്കാന്‍ ശബ്ദം വേണമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഞങ്ങളുടെ ഈ ഒരു ശ്രമം കൊണ്ട് പഴയ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയാല്‍ എല്ലാവര്‍ക്കും സന്തോഷമല്ലേ.സിനിമയിലൊക്കെ കാണുന്നത് പോലെ ഉടനടി വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുമെന്ന് ഒന്നും വിശ്വസിക്കുന്നില്ല, പക്ഷെ പതിയെ എങ്കിലും നടക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇത്തരമൊരു ഉദ്യമം അദ്ദേഹത്തിനും ആത്മവിശ്വാസം നല്‍കുന്നതാണ്.’

‘ഞങ്ങളുടെ ഈ ശ്രമത്തെ പിന്തുണച്ച്‌ ഒരുപാട് പേര്‍ സന്ദേശമയക്കുന്നുണ്ട്. പക്ഷെ കുറച്ചുപേരെങ്കിലും വിമര്‍ശിക്കുന്നുണ്ട്. ഈ അവസ്ഥയിലുള്ള ആളിനെ നിങ്ങളെന്തിനാണ് ഇങ്ങനെ ക്യാമറയ്ക്ക് മുന്നില്‍കൊണ്ടു വരുന്നതെന്നൊക്കെ ചോദിക്കുന്നവരുണ്ട്. പപ്പ അഭിനയിക്കാന്‍ വേണ്ടി ജനിച്ചയാളാണ്. ക്യാമറയില്ലാത്ത ലോകം പപ്പയെ സംബന്ധിച്ച്‌ ഏറെ വിഷമമുണ്ടാക്കുന്നതാണ്.

ഇത്രയും കാലം പപ്പയെ വീട്ടിനകത്ത് ഇരുത്തി ചികില്‍സിച്ച്‌ നോക്കിയില്ലേ? ഇനിയും ഇങ്ങനെ അദ്ദേഹത്തെ വീട്ടില്‍ തന്നെ തളച്ചിടുന്നത് എന്തിനാണ്? ക്യാമറയുടെ മുന്നിലേക്ക് അദ്ദേഹത്തെ വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ച്‌ ഡോക്ടറോടും സംസാരിച്ചിരുന്നു.

അതൊരു മാറ്റം നല്‍കുമെന്നും ചികില്‍സയുടെ ഒരു ഭാഗമായി തന്നെ ഇതിനെ കണ്ടാല്‍ മതിയെന്നും ഡോക്ടറും നിര്‍ദ്ദേശിച്ചു. പപ്പയെക്കൊണ്ട് പറ്റുന്നത് പോലെ ചെയ്യട്ടെ. അതിനുള്ള പ്രോത്സാഹനമാണ് നല്‍കേണ്ടത്, അല്ലാതെ വിമര്‍ശനമല്ല- പാര്‍വതി പറഞ്ഞുനിര്‍ത്തി.’-പാര്‍വതി പറഞ്ഞു.

parvathy shone about jagathy sreekumar

Sruthi S :