ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്; ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ ഡേറ്റ് ലഭിച്ചതിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ !!!

ഒന്നര വർഷത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 25 നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ ബി.സി നൗഫല്‍ എന്നിവര്‍ക്കൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ വന്നാണ് ചിത്രത്തിന്റെ റിലീസ് ദുല്‍ഖര്‍ പ്രഖ്യാപിച്ചത്. 

ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. നൗഫലിന്റെ ആദ്യ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.

ഒരു യമണ്ടൻ പ്രേമകഥയിൽ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

കുടുംബമായി വന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന ഒരു സിനിമയാണിതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ദുല്‍ഖറിനോട് കഥ പറയാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവച്ചു.

സിക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ദുല്‍ഖര്‍ ഭയങ്കര ചിരിയായിരുന്നു. തമാശയൊക്കെ പുള്ളിക്ക് ഇഷ്ടമായി. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു, രക്ഷപ്പെട്ടു ഇനി സമ്മതം പറഞ്ഞോളുമെന്ന്. ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്-വിഷ്ണു പറഞ്ഞു.

വലിയ അവകാശവാദങ്ങളൊന്നുമില്ല, വലിയ സിനിമ ആണെന്ന് പറഞ്ഞാലും പ്രശ്നമാണ്, ചെറുതാണെന്ന് പറഞ്ഞാലും പ്രശ്നമാണ്. ഒന്നേ പറയാനുള്ളൂ. തിയ്യറ്ററില്‍ വന്ന് കാണുക. വിജയിപ്പിക്കുക- ബിബിന്‍ ജോര്‍ജ് പറഞ്ഞു.

‘സോളോ’ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ കൂടിയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറും ചിത്രത്തിലുണ്ട്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ.

സലീം കുമാർ, സൗബിൻ സാഹിർ എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

oru yamandan premakadhaa movie release

HariPriya PB :