വിസ്‌മയം ഈ ഒടിയൻ !! റിവ്യൂ വായിക്കാം….

വിസ്‌മയം ഈ ഒടിയൻ !! റിവ്യൂ വായിക്കാം….

വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയൻ തിയ്യേറ്ററുകളിലെത്തി. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം ഹൈപ്പോടെ ഒരു ചിത്രം എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളികൾ മാത്രമല്ല മറ്റുള്ള സംസ്ഥാനങ്ങളിൽ പോലും ഈ സിനിമക്ക് കിട്ടിയ വരവേൽപ്പ് സൂചിപ്പിക്കുന്നത് ചിത്രം തെന്നിന്ത്യയിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിക്കും എന്ന് തന്നെയാണ്. ആളുകളുടെ ഈ കാത്തിരിപ്പിനോട്, ആ പ്രതീക്ഷകളോട് നീതി പുലർത്താൻ ഒടിയന് കഴിഞ്ഞോ ?! നമുക്ക് നോക്കാം…

മലയാള സിനിമയിൽ ഇന്നേ വരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിൽ ഇറങ്ങുന്ന ചിത്രമാണ് ഒടിയൻ. 50 കോടി രൂപയാണ് ചത്രത്തിന്റെ ബജറ്റെന്ന് ഔദ്യോഗികമായി നിർമ്മാതാക്കൾ തന്നെ അറിയിച്ചിരുന്നു. 100 കോടിയിലധികം രൂപ പ്രീ ബിസിനസ് നേടിയ സന്തോഷ വാർത്ത സംവിധായകനും അറിയിക്കുകയുണ്ടായി. ഇനി ചിത്രത്തിലേക്ക് വരാം. മലയാള സിനിമ ഇന്നേ വരെ കാണാത്ത ഒരു വിസ്മയം; ഒറ്റ വാക്കിൽ അതാണ് ഒടിയൻ.

ഘന ഗംഭീരമായ, നമുക്കേറെ പരിചയമുള്ള ഒരു ശബ്ദത്തിൽ തേങ്കുറിശ്ശിയുടെ വിവരണം തുടങ്ങുമ്പോൾ നമ്മൾ മറ്റൊരു ലോകത്തിലേക്ക് ആനയിക്കപ്പെടുകയാണ്. പിന്നീട നമുക്ക് ചുറ്റുമുള്ളത് തേങ്കുറിശ്ശിയും, മാണിക്യനും, മുത്തപ്പനും പ്രഭയും ഒക്കെ മാത്രമാണ്. മോഹൻലാലിനെപോലെ ഒരു മികച്ച അഭിനേതാവിനെ ശ്രീകുമാർ മേനോനിലെ സംവിധായകൻ ശെരിക്ക് ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ഒടിയൻ മാണിക്യനായി മോഹൻലാൽ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. അത്ര കണ്ട് ആ വേഷം മികച്ചതാക്കാൻ മോഹൻലാലിനെ കഴിഞിട്ടുണ്ട്. ലോകത്തിൽ തന്നെ ഒരാൾക്കും ആ സിനിമ ഇത്ര മികച്ചതാക്കാൻ സാധിക്കില്ല എന്ന് നിസ്സംശയം പറയാം. ഒടിയൻ മാണിക്യനായുള്ള ആ ട്രാൻസ്ഫോർമേഷൻ സീനുകൾ, ഹോ; വാക്കുകൾ കൊണ്ട് വർണ്ണിക്കുക അസാധ്യം. അതി ഗംഭീര പെർഫോമൻസുമായി ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് മോഹൻലാലാണ്.

ഒരു പക്കാ ആക്ഷൻ സിനിമ മാത്രമല്ല ഒടിയൻ. ഒരു ക്ലാസ് സിനിമ കൂടിയാണ്. ഓരോ അഭിനേതാവിനും തന്റേതായ സ്ഥാനങ്ങളുള്ള, അഭിനയ പ്രാധാന്യമുള്ള ഒരു നല്ല സിനിമ കൂടിയാണിത്. കുടുംബ പ്രേക്ഷകർക്കും, കുട്ടികൾക്കും, മുതിർന്നവർക്കും, യുവാക്കൾക്കുമെല്ലാം ഇഷ്ടപ്പെടുന്ന ഒരു കിടിലൻ മിക്‌സ് തന്നെയാണ് ഈ സിനിമയിൽ ശ്രീകുമാർ മേനോൻ ഒരുക്കിയിരിക്കുന്നത്.

ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്‌നിനെയും, അത് അസാധ്യമായ മെയ്‌വഴക്കത്തോടെ നമ്മളിലേക്കെത്തിച്ച മോഹൻലാലിനെയും പ്രശംസിക്കാതെ വയ്യ. എന്തൊരു പെർഫോർമൻസാണ്. അഭിനയത്തിൽ മാത്രമല്ല, ആക്ഷനിലും തന്നെ വെല്ലാൻ മറ്റൊരു താരമില്ല എന്ന സത്യം മോഹൻലാൽ ഈ സിനിമയിലൂടെ അരക്കിട്ടുറപ്പിക്കുകയാണ്. അവസാന ഇരുപത് മിനിറ്റുകളിൽ നിറയുന്ന രോമാഞ്ചം, സിനിമ കണ്ടിറങ്ങി മണിക്കൂറുകൾ കഴിഞ്ഞാലും അങ്ങനെ തന്നെ നിൽക്കുമെന്നുറപ്പ്.

ഷാജികുമാറിന്റെ പോലെ ഒരു മികച്ച ഛായാഗ്രാഹകന്റെ അനുഭവ സമ്പത്ത് എത്രത്തോളമാണെന്നുള്ളത് അദ്ദേഹം ഈ സിനിമയിൽ ഒപ്പിയെടുത്ത ഓരോ ഫ്രെയിമും നമ്മളോട് പറയും. ഇരുട്ടിലുള്ള രംഗങ്ങളൊക്കെ ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പകർത്തണമെങ്കിൽ ആ ഛായാഗ്രാഹകൻ എത്രത്തോളം കഷ്ടപ്പെട്ട് കാണുമെന്നത് നമുക്ക് ആലോചിക്കാവുന്നതാണ്. 2001ൽ ഉത്തമൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമയിലെ ക്യാമറയുമായുള്ള കൂട്ടിന് തുടക്കമിട്ട ഷാജി കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഒരു പക്ഷെ ഇതായിരിക്കും.

എം. ജയചന്ദ്രൻ ഒരുക്കിയ മനോഹര ഗാനങ്ങളും സാം സി.സിന്റെ പശ്ചാത്തല സംഗീതവും മികച്ചതാണ്. സിനിമയിലെ ഓരോ രംഗങ്ങൾക്കും അതിന്റേതായ ഒരു ഭംഗി കിട്ടുന്നത് സാം സിഎസിന്റെ പശ്ചാത്തല സംഗീതം കൂടി ചേർന്നപ്പോഴാണ്.

ഈ സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്. മഞ്ജു വാര്യരും, സിദ്ധീക്കും, നരേനും, പ്രകാശ് രാജും, സന അൽത്താഫും, നന്ദുവും, ഇന്നസെന്റുമെല്ലാം തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ അതി ഗംഭീരമാക്കി. മനോജ് ജോഷിയുടെ മുത്തപ്പൻ കഥാപാത്രവും മികച്ചത് തന്നെയായിരുന്നു. ഈ സിനിമ വി.എ ശ്രീകുമാർ മേനോന്റെ സിനിമാ ജീവിതത്തിൽ എഴുതപ്പെടുമെന്നുറപ്പ്. ധൈര്യമായി നിങ്ങൾക്ക് രണ്ടാമൂഴമെടുക്കാം മിസ്റ്റർ ശ്രീകുമാർ. നിഗളകത്തിനുള്ള കാലിബറുണ്ടെന്ന് നിങ്ങൾ തെളിയിച്ചു കഴിഞിരിക്കുന്നു.

Odiyan Malayalam Movie Review

Abhishek G S :