ഒരു കോടിക്ക് എടുക്കേണ്ട പടം മൂന്ന് കോടിക്കാക്കി, പ്രൊഡക്ഷൻ കൺട്രോളർമാരും സംവിധായകനും ക്യാമറാനുമാണ് സിനിമ മേഖലയെ തകർക്കുന്നത് ; നിർമാതാവ്

സിനിമാ രം​ഗത്ത് നടക്കുന്നതെന്തെന്ന് തുറന്ന് കാട്ടി കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രമുഖരാണ് സംസാരിച്ചത്. നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്. താരങ്ങളുടെ പ്രവൃത്തികൾ മൂലം നഷ്ടം സംഭവിക്കുന്നത് നിർമാതാവിനാണെന്ന് പലരും ചൂണ്ടിക്കാട്ടി. സാന്ദ്ര തോമസ്, സുരേഷ് കുമാർ തുടങ്ങിയ നിർമാതാക്കളാണ് ഇക്കാര്യത്തിൽ പരസ്യ പ്രസ്താവനകൾ നടത്തിയത്.

ഫെഫ്ക, അമ്മ സംഘടനകളും വിഷയം ചൂണ്ടിക്കാണിച്ചു. ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം എന്നിവർക്കെതിരെ സംഘടനകൾ തിരിഞ്ഞതോടെയാണ് പ്രശ്നങ്ങൾ മറനീക്കി പുറത്ത് വരാൻ തുടങ്ങിയത്. ഇപ്പോഴിതാ ഹർത്താൽ എന്ന സിനിമയിലൂടെ വന്ന നഷ്ടത്തെക്കുറിച്ച് നിർമാതാവ് വെങ്കിടേശ്വര ചന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിനോടാണ് ഇദ്ദേഹം സിനിമയുടെ നഷ്ടത്തെക്കുറിച്ച് സംസാരിച്ചത്. 1998 ൽ പുറത്തിറങ്ങിയ സിനിമയാണ് ഹർത്താൽ. വിജയരാഘവൻ, വാണി വിശ്വനാഥ്, മധു തുടങ്ങിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

സെവൻ ആർട്സ് വിജയകുമാറിന്റെ മാനേജർ സിനിമ രണ്ടിടത്തേക്ക് ഡിസ്ട്രിബ്യൂഷനെടുത്തു. സിനിമയ്ക്കകത്ത് ഫൈറ്റ് ഇല്ലില്ലെന്ന് പറഞ്ഞ് ഇട്ടിട്ട് പോയി. സിനിമയുടെ പേരിൽ പതിമൂന്ന് ലക്ഷത്തോളം രൂപ ഡിസ്ട്രിബ്യൂഷൻ എമൗണ്ട് പിരിച്ചെടുത്തു. അത് എന്റെ പടം കളിച്ച് തീർക്കേണ്ടി വന്നു. നമുക്കൊന്നും അറിയില്ലെങ്കിൽ മാനേജർമാർ തന്നെ ഓരോ കാര്യങ്ങൾ പറഞ്ഞ് പൈസ മുടക്കിപ്പിക്കും. സിനിമാ ഫീൽഡിൽ ആദ്യമായാണ് ഞാൻ വരുന്നത്.

സംവിധായകനും എഴുത്തുകാരനും എന്റെ കൂടെ നിൽക്കുമെന്ന് വിചാരിച്ചു. പന്ത്രണ്ട് ​ദിവസം ഇവർ വെറുതെ കോവളത്ത് ഷൂട്ട് ചെയ്തു. എന്നെ പറ്റിക്കുകയാണെന്ന് അറിയില്ലായിരുന്നു. അറുപത് ലക്ഷത്തോളം അങ്ങനെ പോയി. വിജയരാഘവനും വാണി വിശ്വനാഥുമെല്ലാം നല്ല മനസ്സിന്റെ ഉടമകളാണ്. നല്ല രീതിയിൽ സഹകരിച്ചു. സിനിമ തീർത്ത് റിലീസ് ചെയ്യേണ്ടി വന്നു. സിനിമയിലെ കഥയിൽ പിന്നീട് അതൃപ്തി തോന്നിയെന്നും ഇദ്ദേഹം പറയുന്നു.

ഡയരക്ഷനിൽ പറ്റിയ തെറ്റാണ്. ചുമ്മാ ഒരു ദാദ, കുറേ ​ഗുണ്ടകൾ വന്ന് അടിച്ച് കൊല്ലുന്നു, ഹർത്താലും. കഥ ശ്രദ്ധിക്കാൻ പറ്റിയില്ല. യഥാർത്ഥത്തിൽ ഒരു കോടിക്ക് എടുക്കേണ്ട പടം മൂന്ന് കോടിക്കാക്കി. പ്രൊഡക്ഷൻ കൺട്രോളർമാരും സംവിധായകനും ക്യാമറാനുമാണ് സിനിമ മേഖലയെ തകർക്കുന്നത്. സിനിമയെടുത്ത് എനിക്ക് മൂന്ന് കോടി രൂപ നഷ്ടം വന്നെന്നും നിർമാതാവ് അന്ന് തുറന്നടിച്ചു.കൃഷ്ണദാസാണ് സിനിമ സംവിധാനം ചെയ്തത്. പി സുരേഷ് കുമാർ, വികെ വിഷ്ണുദാസ് എന്നിവരുടേതായിരുന്നു തിരക്കഥ. മലയാള സിനിമയിലെ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

AJILI ANNAJOHN :