‘മാസ്റ്റര്‍’ രംഗങ്ങള്‍ ചോര്‍ന്ന സംഭവം; 400 വെബ്‌സൈറ്റുകള്‍ നിരോധിച്ചു, നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി

ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍, എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാർക്കായി നടത്തിയ ഷോയിൽ നിന്ന് രംഗങ്ങൾ ചോർന്നതായാണ് സംശയം. സംഭവത്തിൽ അടിയന്തിര ഇടപെടൽ തേടി സമീപിച്ച നിർമ്മാണ കമ്പനിയ്ക്ക് അനുകൂലമായാണ് ഹൈക്കോടതി ഉത്തരവ്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കേയാണ് സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പതിനഞ്ചു സെക്കൻഡോളം വരുന്ന രംഗങ്ങളാണ് പ്രചരിച്ചിരിക്കുന്നത്. ഇവയിൽ നടൻ വിജയുടെ ഇൻട്രോ രംഗവും ഉൾപ്പെടുന്നു. ഇതേ തുടർന്ന് സിനിമയിലെ ഭാഗങ്ങൾ ആരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർത്ഥിച്ചു. ‘ഒന്നര വർഷത്തെ അദ്ധ്വാന ഫലമാണ് മാസ്റ്റർ. പ്രേക്ഷകർ ചിത്രം തിയേറ്ററിൽ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവുചെയ്ത് ക്ലിപ്പുകൾ ഷെയർ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണമെന്ന് കനകരാജ് കുറിച്ചു. സിനിമയുടെ ചോർന്നു പോയ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്

പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ നാളെ തുറക്കുമ്പോൾ‍ വിജയ്​യുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.

Noora T Noora T :