പ്രാർത്ഥനകൾക്ക് വിഫലം, സംവിധായകൻ സിദ്ധീഖ് അന്തരിച്ചു

പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എക്മോ സപ്പോർട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയത്. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വാർത്ത പുറത്ത് വന്നത് മുതൽ ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം അദ്ദേഹത്തിനായുള്ള പ്രാർത്ഥനയിലായിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഓരോ ആളുകളും. ഒടുവിൽ ആ ചിരി മാഞ്ഞിരിക്കുകയാണ് .

മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. നടനും സം‌വിധായകനുമായ ലാലിനോടൊപ്പം ചേർന്ന് സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. ഇരുവരുടേയും മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിനെ ശ്രദ്ധേയമാക്കി. ഒരിടക്ക് വെച്ച് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞുവെന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രേക്ഷകർക്കും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ ഞങ്ങൾ തമ്മിൽ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്, സിദ്ദീഖ് ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞത്

പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചു കൊണ്ടാണ് സിദ്ദിഖ് തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത്. ആദ്യ കാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ധീഖ് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.

Noora T Noora T :