വിമാനം റാഞ്ചിയ തീവ്രവാദികളുടെ പേര് മാറ്റി; നെറ്റ്‌ഫ്‌ളിക്‌സ് മേധാവിയ്ക്ക് സർക്കാറിന്റെ സമൻസ്; സീരീസ് ബഹിഷ്‌കരിക്കണമെന്നും ആവശ്യം

ഐ.സി 814 വിമാനറാഞ്ചലിനെ ആസ്പദമാക്കി നെറ്റ്‌ഫ്‌ളിക്‌സ് ഒരുക്കിയ വെബ് സീരീസ് ആണ് ഐ.സി 814 ദ കാണ്ഡഹാർ ഹൈജാക്ക്. എന്നാൽ ഇപ്പോഴിതാ സീരീസ് വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. വിമാനം റാഞ്ചിയ തീവ്രവാദികളുടെ പേര് സീരീസിൽ മാറ്റിയതിനെ കുറിച്ചാണ് വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നത്.

സീരീസ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ കാമ്പയിൻ ശക്തമായിരിക്കുന്നതിനിടെ നെറ്റ്ഫ്ക്‌സിന്റെ ഇന്ത്യൻ മേധാവിയെ കേന്ദ്രവാർത്താ വിതരണമാന്ത്രാലയം വിളിച്ചുവരുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

പാകിസ്താനിലെ ഹർക്കത്തുൾ-മുജാഹിദ്ദീൻ എന്ന തീ വ്രവാദി സംഘടനയിൽപ്പെട്ട, ഇബ്രാഹിം അക്തർ, ഷാഹിത് അക്തർ സെയ്ദ്, സണ്ണി അഹമ്മദ് ഖൈ്വസി, മിസ്ത്രി സഹൂർ ഇബ്രാഹിം, ഷാക്കീർ എന്നിവരാണ് വിമാനം റാഞ്ചിയത്.

എന്നാൽ സീരീസിൽ ശങ്കർ, ഭോല, ചീഫ്, ഡോക്ടർ, ബർഗർ തുടങ്ങിയ പേരുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തീവ്രവാദികളുടെ ഇരട്ടപ്പേരുകളാണ് ഇവയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. അനുഭവ് സിൻഹയാണ് സീരീസിന്റെ സംവിധാനം നിർവഹിക്കുന്നത്.

അതേസമയം, 1999ൽ നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ ഡൽഹിയിലുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് യാത്ര തിരിക്കവെയാണ് തീവ്രവാദി സംഘംവിമാനം റാഞ്ചുന്നത്. 176 യാത്രക്കാരിൽ 27 പേരെ മോചിപ്പിച്ചു. എങ്കിലും ഒരാൾക്ക് മാരകമായി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Vijayasree Vijayasree :