സെല്‍ഫിയെടുക്കാന്‍ വന്ന യുവാവിനെ തല്ലിയ സംഭവം; എന്നോട് ക്ഷമിക്കൂ. ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് നാന പടേക്കേര്‍

ബോളിവുഡ് നടന്‍ നാന പടേക്കറുടെ ഒരു വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. വരാണസിയില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ നടന്‍ തലക്കടിക്കുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ‘ജേര്‍ണി’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

ഇത് തന്റെ വരാന്‍ പോകുന്ന സിനിമയിലെ രംഗമാണെന്നും യാഥാര്‍ഥ്യമല്ലെന്നും സംവിധായകന്‍ അനില്‍ ശര്‍മ വിശദീകരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ഞാന്‍ ഒരു കുട്ടിയെ അടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഞങ്ങളുടെ സിനിമയിലെ ഒരു രംഗം ഇങ്ങനെ ഉള്ളതിനാല്‍ ഒരുതവണ റിഹേഴ്‌സല്‍ നടത്തിയിരുന്നു. ശേഷം രണ്ടാമതൊരു റിഹേഴ്‌സല്‍ കൂടി ആസൂത്രണം ചെയ്തിരുന്നു. സംവിധായകന്‍ തന്നോട് ആരംഭിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ വന്ന കുട്ടി ആരാണെന്ന് എനിക്കറിയില്ലായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട ആളാണെന്ന ധാരണയിലാണ് അടിച്ചത്. എന്നാല്‍, അങ്ങനെയല്ലെന്ന് അറിഞ്ഞയുടന്‍ അവനെ തിരിച്ചുവിളിച്ചെങ്കിലും ഓടിക്കളയുകയായിരുന്നു. ഇതുവരെ ഫോട്ടോയെടുക്കുന്നതിനെ ആരെയും വിലക്കിയിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യില്ല. ഇത് അബദ്ധത്തില്‍, തെറ്റിദ്ധാരണയില്‍ സംഭവിച്ചതാണ്. എന്നോട് ക്ഷമിക്കൂ. ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ല’, താരം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിഡിയോയില്‍ നടന്‍ പറഞ്ഞു.

നവംബര്‍ 15നാണ് വിഡിയോ പുറത്തുവന്നത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ നടനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എത്തിയത്.

Vijayasree Vijayasree :