എടാ മോനേ…സ്റ്റൈലിഷ് ലുക്കില്‍ രംഗണ്ണന്‍!; വൈറലായി ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളായിട്ടാണ് ഫഹദ് ഫാസിലിനെ കാണുന്നത്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ എട്ടു നിലയില്‍ പൊട്ടി. ഇതോടെ അഭിനയത്തില്‍ നിന്നുമാത്രല്ല, രാജ്യത്തു നിന്നു തന്നെ ഓടിയൊളിക്കുകയായിരുന്നു ഫഹദ്.

അവിടെ നിന്നും ഫഹദ് തിരികെ വരുന്നത് സ്വന്തം കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ചു കൊണ്ടാണ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യുന്ന, തന്റെ അഭിനയ മികവു കൊണ്ട് ലോകത്തിന്റെ കയ്യടി നേടുന്ന നടനായി വളര്‍ന്നിരിക്കുകയാണ് ഫഹദ് ഫാസില്‍.

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡില്‍ വരെയുണ്ട് ഫഹദ് ഫാസിലിന് ആരാധകര്‍. ആവേശമാണ് ഫഹദിന്റേതായി ഒടുവില്‍ തിയറ്ററുകളിലേക്കെത്തിയ ചിത്രം. രംഗണ്ണന്‍ എന്ന ഫഹദിന്റെ കഥാപാത്രം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകരേറ്റെടുത്തത്ത്. രംഗണ്ണന്‍ ഹാങ് ഓവര്‍ ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മാറിയിട്ടില്ല.

എന്നാല്‍ ഫഹദാകട്ടെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഫഹദിന്റെ ഒരു പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഫഹദ്.

വന്‍ ജനാവലിയാണ് ഫഹദിനെ കാണാനെത്തിയത്. ചെറുക്കന്‍ ഫ്രീക്കന്‍ ആയി, ആ പഴയ ലുക്ക് ഓര്‍മ്മ വരുന്നു എന്നൊക്കെയാണ് ഫഹദിന്റെ ചിത്രങ്ങള്‍ക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയിലാണ് ഫഹദിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ കൊച്ചിയിലെ ഷൂട്ടിങ് സെറ്റില്‍ ഫഹദ് ജോയിന്‍ ചെയ്തിരുന്നു. പോര്‍ഷെ കാറോടിച്ച് സെറ്റിലേക്ക് വരുന്ന ഫഹദിന്റെ വീഡിയോ അല്‍ത്താഫ് സലീം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Vijayasree Vijayasree :