നാന്‍ കടവുളിലേയ്ക്ക് വില്ലനായി എന്നെ വിളിച്ചിരുന്നു, അത് വേണ്ടെന്ന് വെച്ചു; വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ടെന്ന് സലിം കുമാര്‍

മലയാളികള്‍ എല്ലാ കാലത്തും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ചും ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്ത നടനാണ് സലിം കുമാര്‍. പുലിവാല്‍ കല്ല്യാണത്തിലെ മണവാളന്‍, കല്ല്യാണ രാമനിലെ പ്യാരി എന്നീ കഥാപാത്രങ്ങളൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ടതാണ്.

സലിം അഹമദ് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സലിം കുമാര്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കരിയറില്‍ താന്‍ ചെയ്യാതെ പോയ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാര്‍.

ബാല സംവിധാനം ചെയ്ത് ആര്യ നായകനായെത്തിയ ‘നാന്‍ കടവുള്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം താന്‍ വേണ്ടെന്ന് വെച്ചതാണെന്നാണ് സലിം കുമാര്‍ പറയുന്നത്. എന്നാല്‍ ഡേറ്റ് ഇഷ്യൂ കാരണം അത് നീണ്ടു പോവുകയും പിന്നീട് ആ സിനിമയില്‍ നിന്ന് പിന്മാറുകയാണുണ്ടായാതെന്നും സലിം കുമാര്‍ പറയുന്നു.

വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ട്. അതൊക്കെ തമിഴിലാണ്. തമിഴില്‍ ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ എന്ന ചിത്രത്തിലേയ്ക്ക് വില്ലനായിട്ട് എന്നെ വിളിച്ചിരുന്നു. എനിക്ക് കോള്‍ വരുമ്പോള്‍ തന്നെ പറഞ്ഞത്, സാര്‍ ഇത് ലാന്‍ഡ് ചെയ്യാന്‍ പറ്റിയ പടമാണ്, ഭാവനയാണ് ഇതിലെ നായിക എന്നാണ്. ഞാന്‍ ആദ്യം തന്നെ പറഞ്ഞു, എനിക്ക് തമിഴ് അറിയില്ലെന്ന്.

എന്നാല്‍ ആ ചിത്രത്തില്‍ എല്ലാം മലയാളികള്‍ ആയിരുന്നു. സ്‌ക്രിപ്റ്റ് എഴുതുന്നത് ജോഷി സാറിന്റെയൊക്കെ സിനിമയില്‍ എഴുതിയിട്ടുള്ള ആളാണ്. ചിത്രത്തില്‍ കൊളപുള്ളി ലീലയുണ്ട്, ഭാവനയുണ്ട്, പിന്നെ നടന്‍ ആര്യ പാതി മലയാളിയാണ്. അങ്ങനെ ഞാന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു.

ഒരുപാട് പേരോട് ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു, അത് വിട്ട് കളയരുതെന്ന്. അങ്ങനെ ഓക്കെ പറഞ്ഞപ്പോള്‍ ഡേറ്റൊക്കെ എനിക്ക് അയച്ചു തന്നു. പിന്നീട് സെറ്റിന്റെ പണിയൊക്കെ ഉള്ളത് കൊണ്ട് ഒരു മാസം കൂടി അതിന്റെ ഷൂട്ട് തുടങ്ങുന്നത് നീണ്ടു.

ആ സമയത്ത് എനിക്ക് തോന്നി, ഈ പടം ചെയ്താല്‍ എനിക്ക് മലയാളത്തില്‍ സിനിമയുണ്ടാവില്ലെന്ന്. അതിന് വേണ്ടി താടി വളര്‍ത്തുന്നുണ്ടായിരുന്നു ഞാന്‍. ആ താടിയുമായി ചിലപ്പോള്‍ ഹിമാലയത്തിലേക്ക് പോവേണ്ടി വരും ഞാന്‍. പിന്നെ ഞാന്‍ വിളിച്ചിട്ട് ആ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞു.’ എന്നാണ് അഭിമുഖത്തില്‍ സലിം കുമാര്‍ പറഞ്ഞത്.

Vijayasree Vijayasree :