കേരളത്തിൽ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ 5 മണി മുതല്‍, ‘അവതാര്‍ 2’ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടറി’നായി ലോക സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ആഗോള തലത്തിൽ റിലീസ് ചെയ്ത സിനിമയുടെ ആദ്യ പ്രദർശനം കഴിയുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്

കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. ദൃശ്യലോകം പ്രതീക്ഷിച്ചു പോയവര്‍ക്ക് വൈകാരികമായ അനുഭവമാണ് അവതാറിന്റെ രണ്ടാം വരവ് സമ്മാനിച്ചത്. മേക്കിങ്ങില്‍ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍. പ്രതീക്ഷച്ചതിനേക്കാള്‍ മികച്ചതാണെന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്.

3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സിനിമയെന്ന കലയെ സംബന്ധിച്ച് വലിയ നേട്ടമാണ് അവതാര് 2 ലൂടെ ജെയിംസ് കാമറൂണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്‌സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നത്. പലരും ചിത്രത്തിന് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

2022ലെ ഏറ്റവും മികച്ച ചിത്രമെന്നും പലരും പറയുന്നുണ്ട്. ദൃശ്യപരമായി അതിഗംഭീരമെന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രത്തിന്റെ ആദ്യ പകുതിയെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സാങ്കേതികമായി ഇതുവരെയുണ്ടായ ഏറ്റവും മികച്ച സിനിമാ അനുഭവം എന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ചിത്രത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

അവതാര്‍ 2വില്‍ ഉള്ളതു പോലെയുള്ള അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ലെന്നും വിഎഫ്എക്‌സും 3 ഡി എഫക്റ്റ്‌സും ഗംഭീരമാണെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. സാങ്കേതിക മികവിനൊപ്പം വൈകാരികത കൊണ്ടും ചിത്രം ശ്രദ്ധേയമാണെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ കാത്തിരുന്ന സിനിമയാണ് ജെയിംസ് കാമറൂണിന്റെ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ഇന്ത്യയില്‍ മാത്രം 3800 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്.

ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണു അവതാറിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. 2009ല്‍ അവതാര്‍ ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ കുറിച്ച റെക്കോര്‍ഡാണ് അവതാര്‍ തകര്‍ത്തത്. സാം വർത്തിങ്ടൻ, സോ ദാന, ഫാൻ ലാങ്, മാറ്റ് ജെറാൾഡ്, കേറ്റ് വിൻ‌സ്‌ലെറ്റ് എന്നിവരാണ് അവതാർ രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. മെറ്റ്കയിന എന്ന പാറകളിൽ വസിക്കുന്ന നവിയുടെ പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജയ്‌ക് സുള്ളിയുടെയും കുടുംബത്തിന്റെയും കഥയാണ് പ്രധാനമായും രണ്ടാം ഭാഗം പറയുന്നത്.

Noora T Noora T :