കാഴ്ചയുടെ വസന്തത്തിന് ഇന്ന് തിരശ്ശീല വീഴും; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

കേരളത്തിലെ ആസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത 27ാമത് രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച സമാപിക്കും. സമാപന ചടങ്ങ് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്‍പതിന് തുടങ്ങിയ ചലച്ചിത്ര മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നടക്കം 184 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കമാണ് പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിച്ചത്. നീണ്ട നിരയില്‍ മണിക്കൂറുകള്‍ കാത്തിരുന്ന കണ്ട ചിത്രം നിരശാരക്കിയില്ല എന്നാണ് ആസ്വാദകര്‍ പറയുന്നത്. എന്നാല്‍ മേളയില്‍ നീണ്ട ക്യൂ നിന്ന് മണിക്കൂറുകള്‍ കാത്തു നിന്ന പലര്‍ക്കും ചിത്രം കാണാനായില്ല എന്ന ആക്ഷേപവും ഇതിനിടയില്‍ ഉയര്‍ന്നു.

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളുമാണ് പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകളും റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന്‍ എഫ്.ഡബ്ല്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്‌റേഡര്‍, ചിലിയന്‍ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി എന്നിവരുടെ സിനിമകളും പ്രദര്‍ശിപ്പിച്ചു.

മേളയില്‍ ഇന്ന് ജാഫര്‍ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്‌സ്,ഒപ്പിയം,പലോമ,പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്‌സ് ഫിലിം എന്നിവ ഉള്‍പ്പെടെ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ടര്‍ക്കിഷ് ചിത്രം ദി ഫോര്‍ വാള്‍സ്,മൂന്ന് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ സിദ്ധാര്‍ഥ് ചൗഹാന്‍ ചിത്രം അമര്‍ കോളനി, സത്യജിത്ത് റേയുടെ ചെറുകഥയെ ആധാരമാക്കി അനന്ത നാരായണ്‍ മഹാദേവന്‍ ഒരുക്കിയ ദി സ്‌റ്റോറി ടെല്ലര്‍, ഡിമന്‍ഷ്യ ബാധിച്ച 84കാരന്റെ കഥ പറയുന്ന മസഹിറോ കൊബായാഷിയുടെ ലിയര്‍ ഓണ്‍ ദ് ഷോര്‍ തുടങ്ങിയ ചിത്രങ്ങളും ഇന്നു പ്രദര്‍ശിപ്പിക്കും.

കസാക്കിസ്ഥാന്‍ ചിത്രം സെറെ, മാനുവേലാ മാര്‍ടീലി ചിത്രം 1976,ഹംഗേറിയന്‍ ചിത്രം ദി ഗെയിം, ദി ഫോര്‍ജര്‍, ബിറ്റര്‍സ്വീറ്റ് റെയ്ന്‍, ദ ഹാപ്പിയസ്റ്റ് മാന്‍ ഇന്‍ ദ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.

Vijayasree Vijayasree :