ഭീമനായി അഭിനയിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന മോഹൻലാലിൻറെ വാദം പൊളിഞ്ഞു – പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ !

വിവാദത്തിൽ കുരുങ്ങിയ രണ്ടാമൂഴം സിനിമ ചർച്ച ഇപ്പോൾ മോഹൻലാലിലേക്ക് നീണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഭീമനായി അഭിനയിക്കും എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് മോഹൻലാൽ പറയുന്നത് . എന്നാൽ മോഹൻലാലിൻറെ പഴയ വീഡിയോ കുത്തിപൊക്കിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ .

രണ്ട് ഭാഗമായിട്ടെത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും അതില്‍ താന്‍ തന്നെയാണ് ഭീമനായിട്ട് വേഷമിടുന്നതെന്നും മോഹന്‍ലാല്‍ പറയുന്ന വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ കുത്തിപ്പൊക്കിയത്.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൂസിഫറിന്റെ പ്രചാരണ പരിപാടിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ അനിശ്ചിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

ഇതൊരു വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. ഞാന്‍ രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുന്നു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതൊരു വലിയ ചോദ്യചിഹ്നമാണ്. അത് സംഭവിക്കട്ടെ.

ചിത്രത്തിന്റെ സെറ്റില്‍ പോയി അഭിനയിച്ചു തുടങ്ങുമ്പോഴേ അതില്‍ അഭിനയിച്ചു എന്ന് പറയാനാകൂ. ചില തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അത് നടക്കട്ടെ എന്നേ പറയാനുള്ളൂ. അല്ലാതെ നടക്കാന്‍ പോകുകയാണെന്നോ നടക്കില്ലെന്നോ തനിക്ക് പറയാനാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സിനിമയാക്കുന്നു എന്നായിരുന്നു മുന്‍പ് വന്ന വാര്‍ത്തകള്‍. ചിത്രത്തിന്റെ തിരക്കഥ തിരിച്ചു വേണമെന്നാവശ്യപ്പട്ട എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കുമ്പോഴാണ് ചിത്രം വിവാദത്തിലാവുന്നത്. എംടിയുമായിട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീമനാകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന തരത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്. താരത്തിന്റെ പ്രതികരണം ചര്‍ച്ചയായതോടെയാണ് പഴയ വീഡിയോകളും അഭിമുഖങ്ങളും സമൂഹമാധ്യമങ്ങളില്‍ പലരും കുത്തിപ്പൊക്കിയത്.

2017ലെ മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍’ സംവാദത്തിനിടെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.’അദ്ദേഹം സ്‌ക്രിപ്റ്റ് മുഴുവന്‍ എഴുതിക്കഴിഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് വരുന്നത്. ഞാനാണ് അതില്‍ ഭീമനായിട്ട് അഭിനയിക്കുന്നത്. ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനാണ്. 600 കോടിയോളം വരും ചിലവ്’, എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഒപ്പം ചിത്രത്തില്‍ നായകനാക്കി തന്നെ ആലോചിച്ചതില്‍ എംടിക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പലരും കുത്തിപ്പൊക്കിയിട്ടുണ്ട്.

mohanlal’s old video about randamoozham

Sruthi S :