‘ഭാവിയിൽ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാലിന്റെ പേര് അക്കൂട്ടത്തിലുണ്ടാകും’ ; അതിനുള്ള നീക്കത്തിനൊരുങ്ങി ഹോളിവുഡ് സംവിധായകൻ സോഹൻ റോയ്

മലയാളത്തിന്റെ അഭിനയ ചക്രവർത്തിയാണ് മോഹൻലാൽ.മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നടൻ. മലയാളസിനിമയിലെ അഭിനയവിസ്മയം മോഹന്‍ലാലിനെ ലോകം മുഴുവൻ അംഗീകരിക്കുന്ന കാലം വിദൂരമല്ല എന്ന് ഹോളിവുഡ് സംവിധായകനായ സോഹന്‍ റോയ്. കുവൈത്തിലെ ഹവാലി പാര്‍ക്കില്‍ നടന്ന ഒരു ചടങ്ങിൽ വച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഭാവിയിൽ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാലിന്റെ പേര് അക്കൂട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം ദീർഘവീക്ഷണത്തിൽ പറയുകയുണ്ടായി.

ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രോജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ ഇതിന് വേണ്ട സാഹചര്യമൊരുക്കാനാണ് തീരുമാനം. ഇന്ത്യന്‍ സിനിമകള്‍ക്കുള്‍പ്പടെ ഓസ്‌കാര്‍ സബ്മിഷന് സാങ്കേതികസഹായം നല്‍കിവരുന്ന ഇന്‍ഡിവുഡ് ഇനി മുതൽ ഓരോ വര്‍ഷവും ഓരോ മോഹൻലാല്‍ ചിത്രങ്ങള്‍ ഓസ്‌കാര്‍ സബ്മിഷനായി അയക്കാൻ ലക്ഷ്യമിടുന്നുണ്ട്. വളരെ സുസജ്ജമായ ഒരു ടീമാണ് ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിന്റെ ഭാഗമായുള്ളത്.

ഓസ്‌കാര്‍ ഡോക്യുമെന്റേഷന്‍, ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ പ്രദര്‍ശനം, പ്രമോഷന്‍ തുടങ്ങി എല്ലാ സാങ്കേതിക സഹായങ്ങളും ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ നല്‍കി വരുന്നുണ്ട്. ഇത്തവണ ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 6 ചിത്രങ്ങളില്‍ 4ഉം ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ എത്തിയവയാണ് എന്നതാണ് ശ്രദ്ധേയമായ നേട്ടം. എന്നാൽ ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ ഓസ്‌കാര്‍ യോഗ്യത നേടിയവയില്‍ ഇന്ത്യന്‍ സിനിമകള്‍ മാത്രമല്ല നിരവധി വിദേശ സിനിമകളും ഉള്‍പ്പെടുന്നതാണ്.

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ 2020 ആകുമ്പോഴേക്കും രാജ്യത്താകമാനം 4K നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2K ഹോം തീയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8K/4K സിനിമ സ്റ്റുഡിയോകള്‍, 100 അനിമേഷന്‍/VFX സ്റ്റുഡിയോകള്‍ എന്നിങ്ങനെ ലോകോത്തര നിലവാരമുളള ആധുനിക സംവിധാനങ്ങളാണ് പ്രൊജക്റ്റ് ഇന്‍ഡിവുഡ് ലക്ഷ്യമിടുന്നത്.

mohanlal wins oscar one day,said sohanroy

HariPriya PB :