ഒരു നടനായി നിലകൊള്ളാനാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്… രാഷ്ട്രീയത്തിലേക്കില്ല -മോഹൻലാൽ

സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പുതിയ ട്രെൻഡ് ആയി മാറിയ സമയത്താണ് മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന ചർച്ച ഉണ്ടായത്. താൻ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.  വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയെയേക്കും എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

“രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്‌. ഈ പ്രൊഫെഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ്‌ രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല.”, ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ .

പ്രധാനമായും കേരളത്തിലെ ബിജെപിയാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കും എന്നു പറഞ്ഞിരുന്നത്. ഒ. രാജഗോപാലും ശ്രീധരൻപിള്ളയുമെല്ലാം പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ നിരാകരിച്ചു കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.

ലോക് സഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മഞ്ജുവാര്യരുമെല്ലാം മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് താരങ്ങളെല്ലാം രംഗത്തുവന്ന് അവരുടെ നിലപാടുകൾ വ്യക്തമാക്കുകയായിരുന്നു. മഞ്ജുവാര്യർ കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ, നിലവിൽ കേരളത്തിലെ പ്രമുഖ താരങ്ങളാരും മത്സരത്തിനില്ല എന്നാണ് കണക്കാക്കപ്പെടേണ്ടത്.

കഴിഞ്ഞ സെപ്തംബറിൽ ജന്മാഷ്ടമി നാളില്‍ തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

mohanlal about political entry

HariPriya PB :