ചേട്ടന്‍ നല്ല ഇമോഷണലാണ്, എന്നാല്‍, ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും,മനസ്സിലാവുകയേയില്ല ; മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര

ഇന്ത്യൻ സിനിമയിലെ നടനവിസ്‌മയം, മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 63-ാം പിറന്നാൾ. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാലോകവും. ഫാസില്‍ സംവിധാനം ചെയ്‌ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിക്കുന്നതെങ്കിലും അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രം 1978ലെ ‘തിരനോട്ടം’ ആണ്.


ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സുചിത്ര നടനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. നല്ല ഇമോഷമലായ വ്യക്തിയാണെങ്കിലും അദ്ദേഹം ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിച്ചുവെക്കുമെന്ന് അവര്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ചേട്ടന്‍ നല്ല ഇമോഷണലാണ്. എന്നാല്‍, ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ല. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുള്ള അനുഭവം എനിക്കുണ്ട്.ചേട്ടന്‍ ആശ്വസിപ്പിക്കുക ഒരു പ്രത്യേകതരത്തിലാണ്. മരിച്ചു എന്ന സത്യത്തെ സ്വീകരിക്കാന്‍ പറയും. നാളെ നമ്മളും മരിക്കും എന്നാണ് എന്നോടു പറഞ്ഞത്. അന്ന് എനിക്ക് അതുകേട്ടപ്പോള്‍ എന്തോപോലെ തോന്നിയിരുന്നു. ഇങ്ങനെയാണോ ആശ്വസിപ്പിക്കുക എന്നു തോന്നിയിരുന്നു. എന്നാല്‍, പിന്നീട് മനസ്സിലായി, അതാണ് സത്യമെന്ന്.

മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. അഭിനയിക്കാന്‍ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കില്‍ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. അവര്‍ പറഞ്ഞു.

AJILI ANNAJOHN :