ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് മോഹിക്കുന്നതുപോലെ യാഥാർഥ്യമാക്കുക അത്ര എളുപ്പമല്ല, അതിനുവേണ്ടി ഒരുപാട് അലയേണ്ടിവരും ; സംവിധായിക മിനി ഐ ജി

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച ചിത്രമാണ് ഡിവോഴ്സ്. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്ന ഡിവോഴ്സിലൂടെ മിനി ഐ.ജി. എന്ന പുതിയ ഒരു സംവിധായിക കൂടി മലയാള സിനിമാരംഗത്ത് ചുവടുറപ്പിക്കുകയാണ്. . മൂത്തോൻ, ഫ്രീഡം ഫൈറ്റ് തുടങ്ങി നിരവധി സിനിമകളിലൂടെ അഭിനയ രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള മിനി സ്വതന്ത്ര വനിത സംവിധായികയാകുമ്പോൾ ഈ മേഖലയിൽ കടന്നുവരിക അത്ര എളുപ്പമല്ല എന്നാണ് പറയുന്നത്.

സ്ത്രീകൾക്ക് സ്വതന്ത്ര സംവിധായികയാവുക എത്രമാത്രം ബുദ്ധിമുട്ടാണ്‌ എന്ന് മിനി ഐ ജി വ്യക്തമാക്കുന്നത്. സ്ത്രീകളാണ് ഈ മേഖലയിലേക്ക് എത്താൻ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് മോഹിക്കുന്നതുപോലെ യാഥാർഥ്യമാക്കുക അത്ര എളുപ്പമല്ല. അതിനുവേണ്ടി ഒരുപാട് അലയേണ്ടിവരും എന്നും മിനി കൂട്ടിച്ചേർത്തു.

സാധാരണയായി കടന്നുവരാൻ പ്രയാസമുള്ള മേഖലയാണ് സിനിമ. സ്ത്രീകളാണെങ്കിൽ പ്രതിസന്ധികൾ വലുതാണ്. കാരണം, സിനിമ ഇതുവരെ സംഘടിതമായ തൊഴിലാളി മേഖലയായി രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് അതിന്റേതായ പല പ്രശ്നങ്ങളും ഈ മേഖലയ്ക്കുണ്ട്. നിർമാതാവ്, താരങ്ങൾ എന്നിവരുടെയൊക്കെ പിറകെ നടന്ന് കഥപറഞ്ഞ് ബോധ്യപ്പെടുത്തിയാൽ മാത്രമേ ഒരു സിനിമ ചെയ്യുവാനാകൂ. അതിനുവേണ്ടി ഒരുപാട് അലയണം. അവർ പറയുന്ന സമയത്ത്‌, പറയുന്ന സ്ഥലത്തു ചെന്ന് മണിക്കൂറുകൾ കാത്തിരിക്കണം.

ഒരു സിനിമയ്ക്കുവേണ്ടി വർഷങ്ങൾ നിക്ഷേപിക്കേണ്ടിവരും. ഒരു സ്ത്രീ എന്ന നിലയിൽ അത് ഒട്ടും എളുപ്പമായിരിക്കില്ല. അതിന് കാരണം ഭൂരിഭാഗം സ്ത്രീകളും വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കിടയിൽ നിന്നാണ് വരുന്നത് എന്നതാണ്. ഇതിനിടയിലാണ് തന്റെ സ്വപ്നത്തിന്റെ പിറകെ ഓടുന്നത്. അവർക്ക് ഇത്തരം നീണ്ട കാത്തിരിപ്പുകൾ സാധ്യമാകില്ല. അതുകൊണ്ടാണ് പലരും പാതിവഴിയിൽ സിനിമ ഉപേക്ഷിച്ച്‌ പോകുന്നതും, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മിനി പറഞ്ഞു.

AJILI ANNAJOHN :