കഥയുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നു, പക്ഷേ ഒരക്ഷരം മിണ്ടിയില്ല, കടുത്ത നിരാശയോടെ മിഥുന്‍ മടങ്ങി !!

കഥയുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നു, പക്ഷേ ഒരക്ഷരം മിണ്ടിയില്ല, കടുത്ത നിരാശയോടെ മിഥുന്‍ മടങ്ങി !!

നവാഗത സംവിധായകന്‍മാര്‍ക്ക് ഏറെ അവസരം നല്‍കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി മിഥുന്‍ മാനുവലിന് അവസരം നല്‍കിയില്ല. എന്നാല്‍ കഥയുമായി മിഥുന്‍ മമ്മൂട്ടിയെ സമീപിച്ചിരുന്നു. പക്ഷേ ഫലം ഉണ്ടായില്ല. ആഗോള സാമ്പത്തിക മാന്ദ്യം കാരണം ഗള്‍ഫ് രാജ്യം വിട്ട് നാട്ടിലെത്തിയ മിഥുന്‍ സിവില്‍ സര്‍വീസ് പരീക്ഷിക്കാമെന്ന ലക്ഷ്യബോധത്തോടെയാണ് എത്തിയത്. എന്നാല്‍ അതൊരിക്കലും തന്നെക്കൊണ്ട് സാധിക്കില്ലെന്ന് മനസ്സിലാക്കിയ മിഥുന്‍ ആ ശ്രമം ഉപേക്ഷിച്ച് കൃഷിയില്‍ പരീക്ഷണം നടത്തി. എന്നാല്‍ അതും പൊളിഞ്ഞ് കടംകയറി നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു തിരക്കഥാകൃത്താകാന്‍ പോകുന്ന കാര്യം മിഥുന്‍ സ്വയം പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് മിഥുന്‍ ആദ്യമായി കഥയെഴുതുന്നതും മമ്മൂട്ടിയെ സമീപിക്കുന്നതും. എന്നാല്‍ നിരാശയായിരുന്നു ഫലം. ഒരു സ്വകാര്യ ചാനല്‍ പരിപാടിയ്ക്കിടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ തന്റെ ആദ്യാനുഭവം തുറന്നു പറയുന്നത്.

മിഥുന്‍ മാനുവലിന്റെ വാക്കുകളിലേയ്ക്ക്-

ജോലി പോയി നാട്ടിലെത്തി ഞാന്‍ സിവില്‍ സര്‍വീസ് എഴുതാമെന്ന് വിചാരിച്ചു. 1500 രൂപയുടെ ഒരു തടിയന്‍ പുസ്തകം വാങ്ങി. ആദ്യത്തെ ഒരു ദിവസം കൊണ്ടുതന്നെ എന്നെ കൊണ്ട് നടക്കുന്ന കാര്യമല്ലെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഇഞ്ചികൃഷി ചെയ്തു. മംഗലാപുരത്ത് നിന്ന് റബ്ബര്‍ കോണ്‍ട്രാക്ഡ് എടുക്കുന്ന ഒരു പരിപാടി ചെയ്തു. അതെല്ലാം പൊട്ടിപ്പൊളിഞ്ഞു. അങ്ങനെ അത്യാവശ്യം കടംകയറി നില്‍ക്കുന്ന അവസരത്തിലാണ് തിരക്കഥാകൃത്താകാന്‍ പോവുകയാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നത്.

ആര്‍ക്കും എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, എന്റെ ഒരു ചെറുകഥ പോലും ആരും വായിച്ചിട്ടില്ല. എവിടേയും അച്ചടിച്ചു വന്നിട്ടുമില്ല. മാതൃഭൂമിയിലേക്ക് ഞാന്‍ കഥ അയച്ചിട്ടുണ്ട്. പക്ഷേ അതൊന്നും പ്രസിദ്ധീകരിച്ചു വന്നിട്ടില്ല. എന്റെ കൂടെ പ്ലസ്ടുവിന് പഠിച്ച ജോയ്‌സി എന്ന സുഹൃത്ത് ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ അസിസ്റ്റന്റായി ജോലി നോക്കിയിട്ടുണ്ട്. ഞാന്‍ എഴുതിയ ഒരു തിരക്കഥ അവളെ കാണിച്ചു. എന്നെക്കൊണ്ട് എഴുതാന്‍ പറ്റുമെന്ന് പറഞ്ഞത് അവളാണ്.

മമ്മൂക്കയുടെ അടുത്ത് കഥ പറയുക എന്നതായിരുന്നു എന്റെ അടുത്ത ലക്ഷ്യം. അതിനുവേണ്ടി എന്റെ ഒരു ബന്ധുവിന്റെ സുഹൃത്തിനെ സമീപിച്ചു. അദ്ദേഹം ചെന്നൈയില്‍ പണ്ടു കാലത്ത് ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി നോക്കിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ചെന്നൈയില്‍ പോയി കണ്ട് കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അങ്ങനെ അദ്ദേഹം എന്നെ മമ്മൂക്കയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടു പോയി. എനിക്കാണെങ്കില്‍ സിനിമാക്കാരന്‍ ആയേ പറ്റൂ. മറ്റൊരുവഴിയുമില്ല. കാലിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി കൊണ്ടിരിക്കുകയാണ്. മമ്മൂക്കയുടെ അടുത്ത് കഥ പറയുന്ന കാര്യത്തില്‍ എനിക്ക് ഭയമില്ലായിരുന്നു. മമ്മൂക്ക എന്റെ കൂടെ ഉണ്ടായിരുന്ന ആളെ കണ്ടപ്പോള്‍ സംസാരിച്ചു, വിശേഷങ്ങള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സമാധാനമായി.

അടുത്തഘട്ടം എന്നെ പരിചയപ്പെടുത്തുക പിന്നെ കഥ പറയുക എന്നതാണ്. പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല, ഞാന്‍ വയനാട്ടില്‍ നിന്നുള്ള ഒരു പയ്യനാണ് എന്ന് മാത്രം മമ്മൂക്കയോട് പറഞ്ഞു. കഥയുടെ കാര്യം പറഞ്ഞില്ല. അതുകഴിഞ്ഞ് പോകാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, കഥപറയണ്ടേ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അങ്ങനെ ഒറ്റ അടിക്ക് കഥ പറച്ചില്‍ ഒന്നും നടക്കില്ല. ഇങ്ങനെ സെറ്റില്‍ വന്ന് നില്‍ക്കണം, മമ്മൂക്കയുമായി പരിചയം ഉണ്ടാക്കണം, എന്നിട്ട് പതുക്കെ കഥപറയണമെന്ന്. അതുകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശയായി.


ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും തന്റെ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ മിഥുന്‍. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള പരിശ്രമത്തിലാണ് മിഥുന്‍. മമ്മൂട്ടി തന്നെയാകും രണ്ടാംഭാഗത്തിലെയും നായകനായെത്തുന്നത്.

Midhun Manuel Thomas about his first experience with Mammootty

Farsana Jaleel :