ഏഴ് വയസ്സുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ… ഗുരുതര പിഴവ് സംഭവിച്ചത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ !

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു.സംഭവം ഇന്ന് ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഡോക്ടര്‍മാര്‍ക്ക് പറ്റിയ അബദ്ധം പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിചിത്രമായ വിശദീകരണം.

manjeri government hospital doctor suspended

HariPriya PB :