രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി സുമലത?


ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ നിന്ന് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്‍റെ ഭാര്യ സുമതലത മത്സരിച്ചേക്കുമെന്ന്  സൂചന. പാർട്ടി പ്രവേശനത്തെ കുറിച്ച് ഇത് വരെ ആലോചിച്ചിട്ടില്ല, എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് മാണ്ഡ്യയിൽ നിന്ന് ആയിരിക്കുമെന്ന് അവർ വ്യക്തമാക്കി. മാണ്ഡ്യ മണ്ഡലത്തിൽ നിന്നാണ് അംബരീഷ് പാർലമെന്റിൽ എത്തിയത്. 

എന്നാൽ, സുമലത ജനതാദൾ എസ് പാർട്ടി അംഗമല്ലെന്നും അത് കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയായിരുന്ന അംബരീഷ് മരിച്ചത്. ജനതാ ദൾ എംപിയായാണ് അംബരീഷ് 1998-99ൽ ആദ്യമായി പാർലമെന്റിൽ എത്തിയത്.

സുമലതയും മകന്‍ അഭിഷേകും മണ്ഡലത്തിന് പരിചിതരാണ്. അതിനാല്‍ ഇരുവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്തേക്കുമെന്നും നേതാക്കള്‍ കണക്കാക്കുന്നുണ്ട്.എന്നാല്‍ രാഷ്ട്രീയ പ്രവേശനം ആലോചിച്ചിട്ടില്ലെന്നായിരുന്നു സുമലതയുടെ മറുപടി.

അതേസമയം നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് സുമലത തയ്യാറായെന്നാണ് വിവരം. അംബരീഷിന്‍റെ അനുയായികളായ ചില നേതാക്കളോട് സ്ഥാനാര്‍ത്ഥിയാകുന്നത് പരിഗണിക്കാമെന്ന് സുമലത ഉറപ്പ് നല്‍കിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.


mandya lok sabha seat for sumalatha

HariPriya PB :