വിവാദങ്ങൾ തീരുന്നില്ല ! ‘മാമാങ്ക’ത്തിന് വേണ്ടി തണ്ണീര്‍ത്തടം നികത്തിയെന്ന് സജീവ് പിള്ള

മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമയിലെ വിവാദങ്ങൾ തീരുന്നില്ല. ഓരോ ദിവസവും ഓരോരോ വിവാദങ്ങളുമായി മാമാങ്കം വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ ‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി എറണാകുളത്തു മരടില്‍ തണ്ണീര്‍ത്തടം നികത്തി എന്ന് പായുകയാണ്
സംവിധായകന്‍ സജീവ്‌ പിള്ള.

ചിത്രത്തിന്റെ സംവിധായകന്‍ സജീവ്‌ പിള്ളയും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ തിരക്കഥാകൃത്ത്‌ കൂടിയായ സംവിധായകനെ ചിത്രത്തില്‍ നിന്നും മാറ്റിയതാണ് വിവാദങ്ങളുടെ അടിസ്ഥാനം. ഫെഫ്ക ഉള്‍പ്പടെയുള്ള തൊഴില്‍ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായിട്ടും എങ്ങുമെത്താതെ തുടരുകയാണ് ‘മാമാങ്ക’ പ്രശ്നങ്ങള്‍. അതില്‍ ഏറ്റവും പുതിയത് എറണാകുളത്ത് മരടില്‍ ചിത്രീകരണത്തിനായി തണ്ണീര്‍ത്തടം നികത്തി എന്ന സംവിധായകന്റെ ആരോപണമാണ്.

ചിത്രവുമായി ബന്ധപ്പെട്ടു ഇത് വരെ നടന്ന ചിത്രീകരണത്തില്‍ സംവിധായകന്റെ പരിചയക്കുറവു മൂലം വലിയ നഷ്ടമുണ്ടായി എന്നും പരിഹാരം വേണം എന്നും കാണിച്ചു നിര്‍മ്മാതാവ് സംവിധായകന് നോട്ടീസ് അയച്ചിരുന്നു. അതിനു മറുപടിയായി എഴുതിയ കുറിപ്പിലാണ് സജീവ്‌ പിള്ള ഇക്കാര്യം ആരോപിച്ചത്. സിനിമ മാത്രമാണ് തന്റെ താത്പര്യം എന്നും നിര്‍മ്മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ് എന്നും മാധ്യമങ്ങളുമായി പങ്കു വച്ച തന്റെ കുറിപ്പില്‍ സജീവ്‌ പറയുന്നു.

Mamankam schedule starts rolling in Kochi

“അദ്ദേഹത്തിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതു വരെ കാര്യങ്ങളെ എത്തിച്ചത്.”

സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിങ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത് എന്നാണ് സജീവിന്റെ വിശദീകരണം. ഒന്നുകിൽ വലിയ സ്റ്റുഡിയോയില്‍, അല്ലെങ്കിൽ, സമാനമായ ആർക്കിടെക്ചറും ലാൻഡ്സ്കേപ്പും ഉള്ള മംഗലാപുരം മേഖലയില്‍. അതുമല്ലെങ്കിൽ മാമാങ്കവുമായി ചരിത്രപരമായി ബന്ധമുള്ള തിരുനാവായ മേഖലയില്‍ സെറ്റിട്ടു കൊണ്ട് – ഇതൊക്കെയായിരുന്നു സീറ്റിനായി സജീവ്‌ നിര്‍ദ്ദേശിച്ചത്. എന്നാല്‍, നിര്‍മ്മാതാവിന് ഷൂട്ടിങ് എറണാകുളത്ത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് സെറ്റിട്ടാല്‍ മതി എന്നായിരുന്നു. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നതിനിടയാക്കും എന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സ്വന്തം നിലയ്ക്ക് അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു എന്നും സജീവ്‌ കുറിപ്പില്‍ പറയുന്നു.

“സെറ്റ് നിര്‍മ്മിക്കാന്‍ വേണ്ടി തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ ചില അപകടങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടി വന്നത്. അതു ചോദിച്ചപ്പോള്‍ ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഷൂട്ടിങ് കഴിഞ്ഞാല്‍ സ്ഥലം വീണ്ടും തണ്ണീര്‍ത്തടമാകും എന്ന ഉറപ്പും പറഞ്ഞു. കേരളത്തില്‍ നികത്തിയെടുത്ത വയലുകളോ തണ്ണീര്‍ത്തടങ്ങളോ പിന്നെ പൂര്‍വ്വസ്ഥിതിയിലേക്കു തിരിച്ചു വന്നിട്ടില്ല എന്ന ഉല്‍ക്കണ്ഠ ഞാന്‍ പങ്കുവച്ചു. അപ്പോഴാണ്, ഇതു സംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നു പറഞ്ഞ നിര്‍മ്മാതാവ്, ആദ്യമായി, സംവിധായകനെ മാറ്റാനുള്ള അധികാരത്തെപ്പറ്റി എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ഭീഷണി അവിടെയാണ് തുടങ്ങുന്നത്. എറണാകുളത്തെ ചില ഉന്നത നേതാക്കള്‍ അദ്ദേഹവുമായി അടുപ്പമുള്ളവരാണ്. അഖിലേന്ത്യാ തലത്തില്‍ത്തന്നെ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്.”

സിനിമയ്ക്ക് വേണ്ടി ഭീമമായ തുക ചെലവാക്കി എന്ന് അവകാശപ്പെടുന്നതിന്റെ സിംഹഭാഗം പോയിരിക്കുന്നത് തണ്ണീർത്തടം മണ്ണിട്ടു മൂടുന്നതിലാണെന്നും സജീവ് പിള്ള തന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

“ഓരോ ഷെഡ്യൂളിനും ഓരോ സ്വഭാവവും സ്‌കെയിലുമാണ്. ഒന്നാം ഘട്ടത്തിലേതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രതിദിന ചെലവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ബജറ്റ് വളരെ ഉയരുകയും ചെയ്തു. കാരണം കലാസംവിധാനത്തിന് വേണ്ടി വന്ന ഭീമമായ തുകയാണ്. അതിന് ഞാന്‍ ഒരുവിധേനയും ഉത്തരവാദി അല്ല. ഒട്ടും അനുയോജ്യമല്ലായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ, വെള്ളക്കെട്ടും തണ്ണീര്‍ത്തടവും നിറഞ്ഞ സ്ഥലത്ത് സെറ്റിട്ടേ മതിയാവൂ എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചു. ചെറുത്ത് നിന്നെങ്കിലും നിവൃത്തിയില്ലാതെ എനിക്ക് വഴങ്ങേണ്ടി വന്നു. അതാണ് ചെലവ് കൂടാനുള്ള കാരണം. മണ്ണിട്ട് മൂടി തറയൊരുക്കാന്‍ തന്നെ കൂറ്റന്‍ തുക ആയിട്ടുണ്ട്. ഇതു സിനിമയ്ക്കുള്ള നിക്ഷേപമായി കൂട്ടണമോ എന്നും ചോദ്യമുണ്ട്. നിര്‍മ്മാതാവിന്റെ സിനിമാബാഹ്യമായ ബിസിനസ് താല്‍പര്യങ്ങളുടെ ചെലവുകളും സിനിമയുടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല,” സജീവ് കൂട്ടിച്ചേർക്കുന്നു.

സിനിമയിൽ നിന്ന് ധ്രുവനെ മാറ്റി ഉണ്ണി മുകുന്ദനെ ആക്കിയതും വലിയ ചർച്ചയായിരുന്നു. സംവിധായകനറിയാതെ സിനിമയിൽ പ്രവർത്തിക്കുന്നവരെ നിർമ്മാതാവ് സ്വന്തം ഇഷ്ടപ്രകാരം മാറ്റി എന്നതായിരുന്നു പ്രധാന വിഷയങ്ങളിലൊന്ന്.
മാമാങ്കം സിനിമയെപ്പറ്റി കേൾക്കുന്നത് സെരിയാണെങ്കിൽ മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി ഈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമയിലെ നടനായ മമ്മൂട്ടി ഇതുവരെ ഈ വിഷയങ്ങളിലൊന്നും പ്രതികരിച്ചിട്ടില്ല .

mamankam controversy

HariPriya PB :