സ്വന്തമായി ഒന്നും കയ്യിൽ നിന്നിട്ട് ചെയ്യാൻ ലൂസിഫറിൽ പൃഥ്വിരാജ് ആരെയും സമ്മതിച്ചിരുന്നില്ല എന്ന് മഞ്ജു വാര്യർ പറഞ്ഞു – മല്ലിക സുകുമാരൻ

പ്രിത്വിരാജ് എന്ന നടന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടാൻ പോകുന്നത്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രം മാർച്ച് 28 നു തിയേറ്ററുകളിലേക്ക് എത്തുകയാണ്.

പ്രിത്വിരാജിന്റെ മാത്രമല്ല , അച്ഛൻ സുകുമാരന്റെയും വലിയൊരു സ്വപ്നമാണ് മകൻ സാക്ഷാത്കരിക്കുന്നത്. അതിനെപ്പറ്റി മല്ലിക സുകുമാരൻ മനസ് തുറക്കുകയാണ്.

‘‘എന്റെ മക്കളുടെ പേരിൽ നീയൊക്കെ ഒരിക്കൽ എന്റെ വീട്ടിൽ വരേണ്ടി വരു’’മെന്ന് ഒരിക്കൽ സുകുവേട്ടൻ തമാശയായി ഷാജി കൈലാസിനോടു പറഞ്ഞിരുന്നു. പിൽക്കാലത്ത് ‘സിംഹാസന’ത്തിന്റെ ഡേറ്റിനു വന്നപ്പോൾ ഷാജി തന്നെയാണ് ഇക്കാര്യം ഓർമിപ്പിച്ചത്. എന്റെ ആഗ്രഹങ്ങളെല്ലാം മക്കൾ തീർക്കും എന്നും സുകുവേട്ടൻ പറഞ്ഞിരുന്നു. സുകുവേട്ടന്റെ വലിയൊരു ആഗ്രഹമാണ് ‘ലൂസിഫറി’ലൂടെ സാധിക്കുന്നത്’’–മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.

‘‘എന്റെ മക്കൾ മിടുക്കരാകുമെന്നു സുകുവേട്ടൻ എപ്പോഴും പറയുമായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. ‘ലൂസിഫർ’ സംവിധാനം ചെയ്യുമ്പോൾ അച്ഛന്റെ സ്വപ്നം കൂടിയാണ് അവൻ നിറവേറ്റുന്നത്. സിനിമ സംവിധാനം ചെയ്തിട്ടില്ലെങ്കിലും സിനിമയെക്കുറിച്ചു നല്ല വിവരം പൃഥ്വിരാജിനുണ്ട്.സംവിധായകർക്കും ക്യാമാറാമാൻമാർക്കും എഡിറ്റർമാർക്കുമൊപ്പം നിന്ന് എല്ലാം അവൻ പഠിച്ചെടുത്തതാണ്. ‘ലൂസിഫറി’ന്റെ തിരക്കഥ പൂർത്തിയായ ശേഷം രണ്ടു മാസമാണു ഗൃഹപാഠം ചെയ്തത്. രാത്രി ഒരു മണി വരെ നീളുന്ന തപസ്യയായിയിരുന്നു അത്.’’

‘‘സ്ക്രിപ്റ്റ് പൂർണമായും അവനു മനഃപാഠമായിരുന്നുവെന്നു മോഹൻലാൽ പറഞ്ഞു. എടുത്ത രംഗങ്ങളും എടുക്കാൻ പോകുന്ന രംഗങ്ങളുമെല്ലാം മനസ്സിൽ സൂക്ഷ്മമായി റെക്കോർഡ് ചെയ്തു വച്ചിരുന്നുവെന്നാണ് ലാൽ പറഞ്ഞത്. ഓരോ കഥാപാത്രവും എതിലേ പോകണമെന്ന് അവനു നല്ല നിശ്ചയമുണ്ടായിരുന്നു. താരങ്ങളെ സ്വന്തം കയ്യിൽ നിന്ന് എന്തെങ്കിലും ഇട്ടു ചെയ്യാൻ അവൻ  സമ്മതിച്ചിരുന്നില്ലെന്ന് മഞ്ജു വാരിയർ എന്നോടു പറഞ്ഞു.’’

‘‘ഈ ചിത്രത്തിൽ അഭിനയിച്ചില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനേയെന്നു ടൊവിനോയും പറയുകയുണ്ടായി. അവനോടുള്ള ഇഷ്ടം കൊണ്ടു പറയുന്നതാകാം. പക്ഷേ സിനിമ നന്നായിട്ടുണ്ടെന്നും മോഹൻലാലിന്റെ നല്ലൊരു വേഷമായിരിക്കും ഇതെന്നുമാണ് പൊതുവേയുള്ള അഭിപ്രായം. തിരഞ്ഞെടുപ്പു കാലമാണ്. സിനിമയുടെ വിഷയം രാഷ്ട്രീയവും. ബാക്കി പ്രേക്ഷകർ, സിനിമ കണ്ട ശേഷം തീരുമാനിക്കട്ടെ.–മല്ലിക സുകുമാരൻ പറഞ്ഞു.

mallika sukumaran about lucifer movie and prithviraj

Sruthi S :