സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും, സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും…പക്ഷെ ഇതങ്ങനെയല്ല…മരിക്കാത്ത കഥാപാത്രം ലഭിച്ച സന്തോഷത്തിൽ നടൻ

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടിയത്.

ഒട്ടേറെ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും പല സിനിമകളിലും മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിധി. വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ എന്നിവ ഉദാഹരണമാണ്. ഇപ്പോഴിതാ മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് നടനിപ്പോൾ.

സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയിലാണ് മുഴുനീളെ കഥാപാത്രമായി സന്തോഷ് കീഴാറ്റൂർ എത്തുന്നത്. സുരഭി ലക്ഷ്മി പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാന്നിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്,’ സന്തോഷ് പറയുന്നു.

സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണെന്നും ട്രെയ്‌ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നുവെന്നും സുരഭി പറയുന്നു

Noora T Noora T :