നടിയെ ആക്രമിച്ച്; കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും!

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിന്മേൽ വാദം കേൾക്കുന്നത്.നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കോടതി നടിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്‌ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു നടിയുടെ ആരോപണങൾ.

കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജി ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു.

നടിയെ ആക്രമിച്ച കേസ് അടുത്തിടെ സി ബി ഐ മൂന്നാം കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻ കോടതിയിലേക്ക് മാറ്റിയിരുന്നു. വനിതയായ വിചാരണക്കോടതിക്ക് പ്രമോഷൻ ലഭിച്ചതോടെയായിരുന്നു കേസിന്റേയും കോടതി മാറ്റം. എന്നാൽ കേസിന്റെ കോടതിമാറ്റം ചോദ്യം ചെയ്തുകൊണ്ട് അതിജീവിത രംഗത്ത് എത്തുകയും ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരിക്കുകയാണ്. കോടതി മാറ്റം നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം.

നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു വനിത ജഡ്ജിയുള്ള രണ്ടാം ക്ലാസ് സെഷൻ കോടതിയിലേക്ക് കേസ് മാറ്റിയത്. എന്നാൽ സെഷൻസ് കോടതി ജഡ്ജി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്തോടെ വിചാരണയും ഈ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി അഡ്മിനിസ്ട്രേഷൻ വിഭാഗം ഉത്തരവിടുകയായിരുന്നു.

കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജിയിൽ വലിയ സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയും പ്രോസിക്യൂഷനും നിരവധി തവണ ഹൈക്കോടതിയിലും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസ് പുതിയ ജഡ്ജി കേൾക്കണം എന്നായിരുന്നു അതിജീവിതയുടെ ആവശ്യം.

വനിത ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് പുരുഷനായാലും പ്രശ്നമില്ലെന്നാണ് അതിജീവിതയുടെ നിലവിലെ നിലപാട്. നേരത്തെയും വിചാരണക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അതിജീവിതയും പ്രോസിക്യൂഷനും രംഗത്ത് എത്തിയിരുന്നു. എന്നാൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം കോടതികൾ പരിഗണിച്ചിരുന്നില്ല.വനിത ജഡ്ജി വേണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ കേസിന്റെ വിചാരണ ഏൽപ്പിച്ചത്. എന്നാൽ ഈ കോടതിയിൽ നിന്ന് തനിക്ക് നീതി കിട്ടില്ലെന്ന ആരോപണം ഉയർത്തിയ അതിജീവിത ജഡ്ജിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. അതേസമയം കേസ് നിലവിലെ ജഡ്ജി തന്നെ പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്.
കേസിൽ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് പ്രതി ദിലീപിന്റെ വാദം.

ഈ സാഹചര്യത്തിൽ കോടതി മാറ്റത്തിലെ സാങ്കേതിക വിഷയമായിരിക്കും ഹൈക്കോടതി പരിഗണിക്കുക. ജഡ്ജിക്കല്ല, കോടതിക്കാണ് വിചാരണ ചുമതലയെന്ന് അതിജീവിതയും പ്രോസിക്യൂഷനും വാദിക്കുമ്പോൾ കോടതിക്കല്ല, ജഡ്ജിക്കാണ് വിചാരണ ചുമതലയെന്നാണ് ഹൈക്കോടതി ഭരണവിഭാഗം വ്യക്തമാക്കുന്നത്.

AJILI ANNAJOHN :