ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു; വിതരണ ശൃഖല മറ്റ് മലയാള സിനിമകള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് മോഹനലാൽ !

ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍. ഗള്‍ഫ് രാജ്യത്തേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നത്.. യുഎഇയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫാര്‍സ് സിനിമാസുമായി ചേര്‍ന്ന് വിതരണ രംഗത്ത് സജീവമാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

തങ്ങളുടെ അന്താരാഷ്ട്ര നിര്‍മ്മാണ വിതരണ ശൃഖല മറ്റ് മലയാള സിനിമകള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി ഒരുങ്ങുന്ന വമ്പന്‍ പ്രൊജക്റ്റ് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

‘ഋഷഭ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായില്‍ പുതിയ ശൃഖല ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ ഗള്‍ഫ് ന്യൂസിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ദുബായ് കേന്ദ്രീകരിച്ചായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിച്ചു.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ‘ഋഷഭ’ സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുവാന്‍ തെലുങ്ക് നടന് വേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

AJILI ANNAJOHN :