ജയ് ഭീം വീണ്ടും നിയമക്കുരുക്കില്‍ സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കോപ്പിയടിച്ചു ; സംവിധായകനും പ്രൊഡക്ഷന്‍ ഹൗസിനുമെതിരെ പരാതി !

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം വീണ്ടും നിയമക്കുരുക്കില്‍. ജീവിതകഥ മോഷ്ടിച്ചുവെന്നാരോപിച്ച് സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനും സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റിനുമെതിരെ വി. കുളഞ്ഞിയപ്പന്‍ എന്നയാള്‍ രംഗത്തെത്തിയതോടെയാണ് സിനിമ വീണ്ടും നിയക്കുരുക്കില്‍പ്പെട്ടത്. സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കോപ്പിയടിച്ചതാണെന്നും തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പകര്‍പ്പവകാശ നിയമത്തിലെ സെക്ഷന്‍ 63 (എ) പ്രകാരം സംവിധായകനും പ്രൊഡക്ഷന്‍ ഹൗസിനുമെതിരെ ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തു.2019 ലെ സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി ജ്ഞാനവേല്‍ കുളഞ്ഞിയപ്പനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതകഥയ്ക്ക് റോയല്‍റ്റിയായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സിനിമയുടെ ലാഭത്തില്‍ ഒരു വിഹിതം നല്‍കാമെന്ന വാഗ്ദാനവും ലഭിച്ചിരുന്നു. എന്നാല്‍, കുളഞ്ഞിയപ്പന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

പകര്‍പ്പവകാശ നിയമമനുസരിച്ച്, നിര്‍മ്മാതാക്കള്‍ തന്റെ കക്ഷിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. തന്റെ ഇടപാടുകാരന്റെ ജീവിതകഥയെ ആസ്പദമാക്കി സിനിമയെടുക്കുന്നതും അവന്റെ അനുവാദമില്ലാതെ പണം സമ്പാദിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് കുളഞ്ഞിയപ്പന്റെ അഭിഭാഷകന്‍ പറഞ്ഞു.

അടുത്തിടെയാണ് വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. സൂര്യ, ജ്യോതിക, ടിജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരാണ് കേസെടുത്തിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് വന്ന് രണ്ടാഴ്ചയ്ക്കകം മറ്റൊരു നിയമപ്രശ്നമാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം നിര്‍മിച്ചത്.

AJILI ANNAJOHN :