അപ്പോത്തിക്കിരിയിലെ അഭിനയത്തിന് അവാർഡ് കിട്ടാത്തതിൽ വിഷമം ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും; എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചിന്ത എന്തായാലും ഉണ്ടാകുമല്ലോ…; ജയസൂര്യ പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. ജയസൂര്യയുടെ കരിയറിലെ താനെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അപ്പോത്തിക്കിരിയിലെ സുബിൻ ജോസഫ്. വേദനകളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ആരോഗ്യം പാടെ തളർന്നുപോയ ഒരാളായിരുന്നു സുബിൻ.

ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി ജയസൂര്യ പതിമൂന്ന് കിലോ ഭാരം കുറച്ചിരുന്നു. അദ്ദേഹത്തിന് വലിയ പ്രശംസകൾ ലഭിക്കാൻ ഈ സിനിമ കാരണമായിരുന്നു.അപ്പോത്തിക്കിരിയിലെ കഥാപാത്രത്തിന് അവാർഡ് കിട്ടാതിരുന്നതിൽ വിഷമം ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായിപോകുമെന്നും പറഞ്ഞിരിക്കുകയാണ് ജയസൂര്യ ഇപ്പോൾ.

ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്.‘അപ്പോത്തിക്കിരിയിലെ കഥാപാത്രത്തിന് വേണ്ടി പത്തുപതിമൂന്ന് കിലോ ഭാരം കുറച്ചതിന്റെ പേരിലാണ് ഇന്ന് ആ സിനിമയെ കുറിച്ച് സാംസാരിക്കുന്നതുപോലും. ഞാൻ വളരെ ആരോഗ്യവാനായിട്ടാണ് അഭിനയിച്ചിരുന്നതെങ്കിൽ ഈ ചോദ്യം പോലും വരില്ല. മികച്ച നടനുള്ള അവാർഡിൽ പ്രത്യേക ജൂറി പരാമർശം അന്നുണ്ടായിരുന്നു. ആ കഥാപാത്രത്തിന്റെ സവിശേഷതകൾ അങ്ങനെയായതുകൊണ്ട് അയാൾ ഒരിക്കലും പൂർണ ആരോഗ്യവാനായിരിക്കുമെന്ന് തോന്നിയില്ല.

അതിനെ തുടർന്നുണ്ടായ ചർച്ചയിലാണ് ഭാരം കുറക്കാനുള്ള തീരുമാനത്തിലെത്തുന്നത്. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് അവാർഡ് കിട്ടാത്തതിൽ വിഷമം ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. ഉറപ്പായും വിഷമം ഉണ്ടാകുമല്ലോ…എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചിന്ത എന്തായാലും ഉണ്ടാകുമല്ലോ…അപ്പോത്തിക്കിരി ചെയ്യുമ്പോഴോ അതിന്റെ ഡിസ്കഷൻ സമയത്തോ അവാർഡ് കിട്ടാനല്ലല്ലോ അഭിനയിക്കുന്നത്. ഇന്ന് നമ്മൾ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ അവാർഡ്. അപ്പോത്തിക്കിരി കണ്ടിട്ട് ഒരുപാട് പേര് വിളിച്ചിരുന്നു. ഡോക്ടർമാരൊക്കെ വിളിച്ചിരുന്നു’, ജയസൂര്യ പറഞ്ഞുനിർത്തി.

മാധവ് രാമദാസൻ സംവിധാനം ചെയ്ത അപ്പോത്തിക്കിരി 2014 ലാണ് റിലീസായത്. സുരേഷ് ഗോപി, അഭിരാമി, ഇന്ദ്രൻസ്, ആസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.

AJILI ANNAJOHN :