പിറന്നാള്‍ ആശംസകള്‍ പപ്പാ.. ഞാന്‍ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ജഗതിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ശ്രീലക്ഷ്മി

മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്‍തതി. കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് അദ്ദേഹം. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയ മകള്‍ ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്. പിറന്നാള്‍ ആശംസകള്‍ പപ്പാ.. ഞാന്‍ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി കുറിച്ചു.

ജഗതി ശ്രീകുമാര്‍-കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

അതെ സമയം ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്.

കൊവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമായി പങ്കെടുക്കുന്ന ആഘോഷമാകും ഇത്തവണത്തേത് എന്നാണ് കുടുംബം പറഞ്ഞത്. ഒപ്പം ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ജഗതിയുടെ മകന്‍.

Noora T Noora T :