ഉയരങ്ങളിലേയ്ക്ക് വളരാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ പെണ്‍മക്കളുടെ പ്രതീകം; നടി കങ്കണ റണാവത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

മാണ്ഡിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റേത് പിന്തിരിപ്പന്‍ നിലപാടുകളാണെന്നും അവര്‍ സ്ത്രീ വിരുദ്ധര്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് വളരാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ പെണ്‍മക്കളുടെ അഭിലാഷങ്ങളെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുകയാണ് കങ്കണയെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘മാണ്ഡിയുടെ പേരില്‍ കോണ്‍ഗ്രസ് കങ്കണയെക്കുറിച്ച് മോശമായ കാര്യങ്ങളാണ് പറഞ്ഞത്. ഈ അനാദരവ് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?’ മോദി ജനക്കൂട്ടത്തോട് ചോദിച്ചു. കേന്ദ്രത്തില്‍ മൂന്നാം തവണയും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിങ്ങളുടെ അനുഗ്രഹം തേടാനാണ് ഞാന്‍ ഇവിടെ വന്നത്.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഹിമാചലിന്റെ വികസനത്തിനും ഇന്ത്യയെ ശക്തമാക്കാന്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. അഞ്ച് ഘട്ട വോട്ടെടുപ്പ് ഇതിനകം നടന്നിട്ടുണ്ട്, ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ വിജയം ഇപ്പോള്‍ തന്നെ ഉറപ്പാണ്, എന്നും ഷിംലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു.

വ്യാഴാഴ്ച പഞ്ചാബിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍, സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ കടക്കെണിയിലാണെന്നും എഎപി ഭരണത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

‘ഡല്‍ഹി ദര്‍ബാറില്‍’ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നതില്‍ എപ്പോഴും തിരക്കുള്ള മുഖ്യമന്ത്രി ഭഗവന്ത് മാനെ കടലാസ് മുഖ്യമന്ത്രിയെന്നാണ് മോദി പരിഹസിച്ചത്.

വൈകിട്ട് പഞ്ചാബിലെ ഗുരുദാസ്പൂരിലും ജലന്ധറിലും നടക്കുന്ന രണ്ട് റാലികളിലും അദ്ദേഹം പ്രസംഗിക്കും. ഹിമാചലിലെ നാല് ലോക്‌സഭാ സീറ്റുകളിലേക്കും പഞ്ചാബിലെ 13 സീറ്റുകളിലേക്കുമാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Vijayasree Vijayasree :