ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വെറും 2,400 രൂപ; വി.ടി ബല്‍റാം

പ്രസംഗത്തിനിടെ കണികളെ അസഭ്യം പറഞ്ഞതില്‍ മോട്ടിവേഷന്‍ പ്രഭാഷകന്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. സാഹിത്യകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം എടുത്തു പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ കുറിപ്പ്.

ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ നല്‍കുമ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വെറും 2,400 രൂപയാണ് നല്‍കുന്നത് എന്ന് പരിഹസിച്ചു കൊണ്ടാണ് ബല്‍റാമിന്റെ കുറിപ്പ്.

ബല്‍റാമിന്റെ കുറിപ്പ്:

കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. കാരണം ഇവിടെ കേള്‍വിക്കാര്‍ പ്രതീക്ഷിക്കുന്നത് അവരവരുടെ വ്യക്തിപരമായ വികാസവും സാമ്പത്തിക അഭിവൃദ്ധിയുമാണ്.

എന്നാല്‍ ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിന്‍ബലത്തില്‍ രണ്ട് മണിക്കൂര്‍ പ്രഭാഷണം നടത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പ്രതിഫലം വെറും 2,400 രൂപ!

ഇവിടെ വിഷയം മഹാകവി കുമാരനാശാന്റെ കവിതകളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ പൊതുവായ ചില രാഷ്ട്രീയ, സാമൂഹിക കാര്യങ്ങള്‍.

ഇപ്പോഴത്തെ വിവാദത്തില്‍ എനിക്ക് താത്പര്യം തോന്നിയത് ഈയൊരു ആംഗിളിലാണ്. മാര്‍ക്കറ്റ് ഡിമാന്‍ഡ് അനുസരിച്ച് വിഷയത്തിനും പ്രഭാഷകനുമുള്ള മൂല്യവ്യത്യാസത്തെ ഒരു പരിധിവരെ ഉള്‍ക്കൊള്ളാനാവുന്നുണ്ട്.

എന്നാല്‍ വ്യക്തിപരമായ വളര്‍ച്ചയും പൊതുവായ സാമൂഹിക കാര്യങ്ങളും തമ്മില്‍ താരതമ്യമുണ്ടാവുമ്പോള്‍ മലയാളികള്‍ ഓരോന്നിനും നല്‍കുന്ന വെയ്‌റ്റേജ് തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഒരു കാരണം ഇതാണ്.

Vijayasree Vijayasree :