കബോസു ഇനി മീമുകളില്‍ മാത്രം; സോഷ്യല്‍ മീഡിയ കീഴടക്കിയ നായക്കുട്ടി വിട പറഞ്ഞു!

സോഷ്യല്‍ മീഡീയ ഉപഭോക്താക്കള്‍ക്കേറെ പരിചിതമാണ് ‘കബോസു’ നായക്കുട്ടി. ഉണ്ടക്കണ്ണുകള്‍ ഉരുട്ടി കള്ളനോട്ടം നോക്കുന്ന മീമിലെ സ്ഥിര സാന്നിധ്യം ഇനി ഓര്‍മ്മകള്‍ മാത്രമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ തരംഗമായ, ഡോഗ് കോയിന്‍ എന്ന ക്രിപ്‌റ്റോ നാണയത്തിന് പ്രചോദനമായ കബോസു വിടപറഞ്ഞെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡോഗ്‌കോയിന്‍ എക്‌സിലൂടെയാണ് ഈ ദുഃഖവാര്‍ത്ത പങ്കുവച്ചത്.

‘നമ്മുടെ ഏവരുടെയും സുഹൃത്തും, പ്രചോദനവുമായിരുന്ന കബോസു ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ താത്പര്യപ്പെടുന്ന, എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നായക്കുട്ടിയായിരുന്നു കബോസു’ എന്ന് ഡോഗ്‌കോയിന്‍ കുറിച്ചു. 2022ല്‍ കബോസുവിന് ലുക്കീമിയയും കരള്‍ രോഗവും സ്ഥിരീകരിച്ചിരുന്നു.

2013ല്‍ ബില്ലി മാര്‍ക്കസും ജാക്‌സണ്‍ പാര്‍മറും പുറത്തിറക്കിയ ക്രിപ്‌റ്റോ നാണയമാണ് ഡോഗ്‌കോയിന്‍. ഈ നാണയത്തിന് കബോസുവിന്റെ മുഖമായിരുന്നു അവര്‍ നല്‍കിയത്.

ജപ്പാനില്‍ വേട്ടനായയായി ഉപയോഗിച്ചിരുന്ന ഷിബ ഇനു വര്‍ഗത്തില്‍ ഉള്‍പ്പെട്ട നായയാണ് കബോസു. നായയുടെ മുഖമുള്ള നാണയം വൈറലായതോടെ ഏവരും അത് ഏറ്റുപിടിച്ചിരുന്നു.

ഇലോണ്‍ മസ്‌കും സംഭവം ഏറ്റുപിടിച്ചതോടെ ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ കബോസു തരംഗം സൃഷ്ടിച്ചു. ജാപ്പനീസ് പൗരയായ അറ്റ്‌സുകോ എന്ന സ്ത്രീയുടെ നായക്കുട്ടിയാണ് കബോസു. 2010ലാണ് കബോസുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാന്‍ തുടങ്ങിയത്. തുടര്‍ന്ന് കബോസുവിന്റെ മുഖമുള്ള ക്രിപ്‌റ്റോ നാണയങ്ങള്‍ വിപണി കീഴടക്കാന്‍ തുടങ്ങിയതോടെ കബോസു മരിച്ചെന്ന വ്യാജ വാര്‍ത്ത പരന്നിരുന്നു.

Vijayasree Vijayasree :