സമ്പാദ്യം മുഴുവനും മാതാപിതാക്കൾ തന്നെ സൂക്ഷിക്കുക.. മക്കൾ തനിയെ സമ്പാദിക്കട്ടെ. അവരുടെ ജീവിതം അവർ ജീവിക്കട്ടെ ; ലക്ഷ്മി

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു ലക്ഷ്മി. തമിഴ് സിനിമയിലൂടെയായിരുന്നു ലക്ഷ്മിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. 1961-ൽ ശ്രീ വള്ളി എന്ന സിനിമയിൽ ബാല നടിയായിട്ടായിരുന്നു അരങ്ങേറ്റം. 1974-ൽ ചട്ടക്കാരി എന്ന സിനിമയിൽ നായികയായിട്ടാണ് ലക്ഷ്മി മലയാളസിനിമയില്‍ പ്രവേശിക്കുന്നത്. ചട്ടക്കാരിയിലെ അഭിനയത്തിന് 1974-ൽ ലക്ഷ്മിയ്ക്ക് കേരള സംസ്ഥാനചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു.
.

ലക്ഷ്മിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. മൂന്ന് വിവാഹങ്ങൾ നടിയുടെ ജീവിതത്തിലുണ്ടായി. ഭാസ്കരൻ എന്നാണ് ലക്ഷ്മിയുടെ ആദ്യ ഭർത്താവിന്റെ പേര്. ഈ ബന്ധത്തിൽ ഐശ്വര്യ ഭാസ്കർ എന്ന മകൾ ജനിച്ചു. ഐശ്വര്യ അഭിനയ രം​ഗത്ത് ഇന്ന് സജീവമാണ്. എന്നാൽ ഭാസ്കരനുമായുള്ള ലക്ഷ്മിയുടെ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചു.

നടൻ മോഹൻ ശർമ്മയെയാണ് ലക്ഷ്മി പിന്നീട് വിവാഹം ചെയ്തത്. ചട്ടക്കാരി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു. 1987 ൽ നടനും സംവിധായകനുമായ എം ശിവചന്ദ്രനെ ലക്ഷ്മി വിവാഹം ചെയ്തു. 2000 ൽ സംയുക്ത എന്ന മകളെ ഇവർ ദത്തെടുക്കുകയും ചെയ്തു.

ലക്ഷ്മിയും മകൾ ഐശ്വര്യ ഭാസ്കറും തമ്മിൽ അകൽച്ചയിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അമ്മയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടെന്ന് ഐശ്വര്യ ഭാസ്കർ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും അമ്മ ലക്ഷ്മിയുടെ സഹായം തേടാൻ ഐശ്വര്യ ഭാസ്കർ തയ്യാറായില്ല. ഉപജീവനത്തിനായി സോപ്പു നിർമാണത്തിലേക്ക് വരെ ഐശ്വര്യ തിരിഞ്ഞു. അമ്മയെ ആശ്രയിച്ച് കഴിയാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഐശ്വര്യ വ്യക്തമാക്കിയത്.

മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുവായി ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് നടി വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മി.
മക്കൾ പോകുകയാണെങ്കിൽ പോട്ടെ. അവരുടെ ജീവിതം അവർ ജീവിക്കട്ടെ. എന്തിനാണ് അവർ നമ്മളെ നോക്കണമെന്ന് പ്രതീക്ഷിക്കുന്നത്. അവർ നമ്മളിലൂടെ വന്നവരാണ്. അത്രയേ ഉള്ളൂ. 20-25 വർഷം അവരെ വളർത്തിയതൊക്കെ വലിയ വിഷയമാക്കി പറയേണ്ട കാര്യമില്ല. നിനക്ക് നന്ദിയില്ല എന്നൊന്നും പറഞ്ഞാൽ ആ കുട്ടികൾക്ക് മനസ്സിലാവില്ല. നമ്മളും ആ പ്രായം കടന്നാണ് വന്നത്. ഈ പ്രായത്തിലാവുമ്പോൾ അവർ മനസ്സിലാക്കും.

വിട്ടു കളയണം. കുട്ടികളാണവർ. നമ്മളെ നോക്കുകയാണെങ്കിൽ നോക്കട്ടെ. ഇല്ലെങ്കിൽ പോട്ടെ. പക്ഷെ പണം മുഴുവനായും അവർക്ക് കൊടുക്കരുത്. ബുദ്ധിപരമായി സൂക്ഷിക്കണം. ഇപ്പോൾ അതാണ് നടക്കുന്നത്. എനിക്ക് അറിയാവുന്ന നിരവധി പേർ റിട്ടയർഡ് ആയപ്പോൾ പോലും പണം മക്കൾക്ക് കൊടുക്കുന്നു.

സമ്പാദ്യം മുഴുവനും മാതാപിതാക്കൾ തന്നെ സൂക്ഷിക്കുക. വിദ്യഭ്യാസം നൽകി അവരെ വിടുക. മക്കൾ തനിയെ സമ്പാദിക്കട്ടെ. ഒന്നും ആലോചിച്ചില്ലെങ്കിലും അവസാന കാലത്തെ ആശുപത്രി വാസവും ബില്ലുകളെക്കുറിച്ചും ചിന്തിക്കണം. ഭീമമായി ചികിത്സാ ചെലവാണ് ഇപ്പോഴെന്നും ലക്ഷ്മി വ്യക്തമാക്കി.സ്വീറ്റ് കരം കോഫിയാണ് ലക്ഷ്മി അഭിനയിച്ച പുതിയ പ്രൊജക്ട്. ആമസോൺ പ്രെെമിൽ അടുത്തിടെ റിലീസ് ചെയ്ത സീരീസിൽ സുപ്രധാന വേഷമാണ് ലക്ഷ്മി ചെയ്തത്. നടി മധുവും സീരീസിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു.

AJILI ANNAJOHN :