ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ചര്‍ച്ചയ്ക്കിടയില്‍ തർക്കം, ജൂറി ചെയര്‍മാന്‍ ഇറങ്ങിപ്പോയി !

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച സംവിധായകനായി ശ്യാമപ്രസാദും മികച്ച നടനുള്ള അവാർഡ് ജയസൂര്യയും സൗബിനും പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനും തെരഞ്ഞെടുക്കപ്പെട്ടു. അവാർഡ് നിർണയ ചർച്ചക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നതിനെ തുടർന്ന് കുമാർ സാഹ്നി ഇറങ്ങിപ്പോയിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇന്ന് രാവിലെ 11ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പങ്കെടുത്തതുമില്ല.

മികച്ച സിനിമ, സംവിധായകന്‍, നടന്‍ എന്നീ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ക്കെല്ലാം ജൂറി അംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പ്രായത്തിന്റെ ക്ഷീണം കാരണം കുമാ‌ര്‍ സാഹ്നി എല്ലാ ചിത്രങ്ങളും കണ്ടിരുന്നില്ല. എന്നാല്‍ അവസാന റൗണ്ടിലെ മിക്കവാറും ചിത്രങ്ങള്‍ കണ്ടു.

മികച്ച ചിത്രം, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ നിര്‍ണയിച്ചപ്പോഴാണ് അംഗങ്ങളും ചെയര്‍മാനും തമ്മില്‍ തര്‍ക്കം മൂത്തത്. മികച്ച കഥാചിത്രമായ കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷെറീഫ് സിക്കു തന്നെ സംവിധായകനുള്ള പുരസ്കാരവും നല്‍കണമെന്ന് കുമാര്‍ സാഹ്നി അഭിപ്രായപ്പെട്ടു. മികച്ച സംവിധായകനു മാത്രമെ മികച്ച ചിത്രം ഒരുക്കാന്‍ കഴിയൂ എന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. എന്നാല്‍ മറ്റ് ചില അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. സംവിധായകന് പ്രധാന പങ്കുണ്ടെങ്കിലും മറ്റ് പല ഘടകങ്ങളും ചേര്‍ന്നാല്‍ മാത്രമെ മികച്ച സിനിമ ഉണ്ടാകൂ എന്നായിരുന്നു അവരുടെ വാദം. ഇത് അംഗീകരിക്കാന്‍ കുമാര്‍ സാഹ്നി തയ്യാറായില്ല. ‘നിങ്ങള്‍ തന്നെ അവാര്‍ഡ് തീരുമാനിച്ചാല്‍ മതി. ഞാനൊപ്പിട്ട് തന്നോളാം ‘ എന്നു പറഞ്ഞ് അദ്ദേഹം മുറിയിലേക്കു പോയി. രാവിലെ അദ്ദേഹത്തെ അനുനയിപ്പിച്ച്‌ വാര്‍ത്താസമ്മേളനം നടക്കുന്നിടത്തേക്കു കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും അനാരോഗ്യമാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചലച്ചിത്ര അക്കദമി ഭാരവാഹികള്‍ നടത്തി. ജൂറി അംഗമായ നവ്യനായരും വാര്‍ത്താസമ്മേളനത്തില്‍ എത്തിയില്ല.

നടനെ നിര്‍ണയിക്കുന്ന കാര്യത്തില്‍ ജൂറി അംഗങ്ങളുടെ കാര്യത്തില്‍ കൃത്യമായ വേര്‍തിരിവുണ്ടായി. ജയസൂര്യ, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ് എന്നിവരാണ് പരിഗണിക്കപ്പെട്ടത്. ഇന്നലെ പാതിരാവ് പിന്നിട്ട നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ജയസൂര്യയ്ക്കും സൗബിനും വേണ്ടിയും ശക്തകമായ വാദപ്രതിവാദങ്ങളുണ്ടായി. സൗബിനായിരുന്നു മുന്‍തൂക്കമെങ്കിലും ജൂറിയിലെ വനിതാം അംഗം ജയസൂര്യയ്ക്കു വേണ്ടി ശക്തമായി വാദിച്ചതോടെ വോട്ടിട്ട് തീരുമാനിച്ചു. തുല്ല്യവോട്ടുകള്‍ വന്നതോടെ രണ്ടു പേരും മികച്ച നടന്മാരായി.

kerala state filim award seclection committee dispute

HariPriya PB :