കീരിക്കാടന്‍ ജോസ് അവശനിലയില്‍; കരുത്തുറ്റ വില്ലന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ഞെട്ടും, അമ്പരന്ന് ആരാധകർ!

കിരീടം, ചെങ്കോല്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍രാജ് എന്ന കീരീക്കാടന്‍ ജോസ്. ഒരു വില്ലൻ കഥാപാത്രമായി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നടൻ. എന്നാലിപ്പോഴിതാ കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) അവശനിലയില്‍ ആശുപത്രിയിലാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വൃക്ക സംബന്ധമായ രോഗവുമായാണ് ചികിത്സയ്ക്കായി എത്തിയതെങ്കിലും നിലവിലെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് കിരീടം. മോഹന്‍ലാലിന്റെ സേതുമാധവനെ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്‍റെ വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍രാജ്. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം ഇറങ്ങിയിട്ട് 30 വര്‍ഷം പിന്നിടുകയാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലായിരുന്നു താരം കുടുംബസമേതം താമസമാക്കിയത്. സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണെന്നും മാനസികമായും സാമ്ബത്തികമായും നേട്ടമൊന്നും ഇല്ലെന്നുമായിരുന്നു മുൻപ് അദ്ദേഹം പറഞ്ഞിരുന്നത്. സിനിമയിലേക്ക് മോഹിച്ച്‌ എത്തിച്ചേര്‍ന്നതല്ല. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ലോഹിതദാസ് വഴിയാണ് സിബി മലയില്‍ ചിത്രം കിരീടത്തിലേക്ക് എത്തുന്നത്. അവിടം മുതല്‍ കീരിക്കാടന്‍ ജോസ് ആയി മാറുകയായിരുന്നുവെന്ന് താരം പറയുന്നു. ”കലാധരന്‍ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്.

മോഹന്‍ലാല്‍തന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തില്‍ തടുത്താല്‍ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂള്‍കാലത്ത് നാഷണല്‍ അത്‌ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങള്‍ക്ക് ഉപകരിച്ചു. ക്ലൈമാക്‌സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്.” മോഹന്‍രാജ് പറഞ്ഞു. അതേസമയം കിരീടത്തില്‍ അഭിനയിച്ചതിനു ശേഷം സുഹൃത്തുക്കളുമായി ചിത്രം കാണാന്‍ കോഴിക്കോട് തിയറ്ററില്‍ പോയ അനുഭവം മോഹന്‍രാജ് പങ്കുവച്ചു. കോഴിക്കോട് അപ്സരയില്‍ നിന്നാണ് കിരീടം ആദ്യമായി കാണുന്നത്. സംഘട്ടനരംഗമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് അന്ന് പ്രേക്ഷകര്‍ കണ്ടത്. ഇടവേളയായപ്പോള്‍ സിനിമയിലെ വില്ലന്‍ തിയ്യറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്ബോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു. തിയ്യറ്ററില്‍ നിര്‍ത്തിയിട്ട എന്റെ ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്തെത്തിച്ചത്.

കെ.മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് മോഹന്‍ രാജ് മലയാള സിനിമ മേഖലയിലേക്ക് എത്തിയത്. അദ്ദേഹം തന്റെ രണ്ടാമത്തെ ചിത്രമായ ‘കിരീടത്തി’ലെ കാഴ്ചവച്ച മികച്ച പ്രകടനത്തിലൂടെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച പ്രതിനായകനായി മാറുകയായിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നടന്മാരിലൊരാളായി മാറിയ അദ്ദേഹം ‘ഹലോ’ എന്ന ചിത്രത്തിലൂടെ ഹാസ്യവും കൈകാര്യം ചെയ്തു.

keerikkadan jose

Noora T Noora T :