എനിക്കൊരു ആശയമുണ്ട് അത് ഞാൻ ചെയ്യുന്നു. അതൊരു ഫാന്റസിയാണ് ; കാർത്തി

ഈ വർഷം തമിഴ് സിനിമയിൽ വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ നടനാണ് കാർത്തി. മൂന്ന് സിനിമകളും ബോക്സ് ഓഫീസിൽ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് കാർത്തിയുടെ കരിയറിലെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായ ജപ്പാൻ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം തൂത്തുക്കുടിയിൽ പുരോ​ഗമിക്കുകയാണ്.

ഈ വർഷം മൂന്ന് സിനിമകളാണ് നടൻ കാർത്തിയുടേതായി പുറത്തുവന്നത്. വിരുമൻ, പൊന്നിയിൻ സെൽവൻ 1, സർദാർ എന്നിവയായിരുന്നു താരത്തിന്റേതായി തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലെ വള്ളൈവരയൻ വന്തിയദേവൻ എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അടുത്തിടെ തന്റെ സിനിമയിലെ വിജയരഹസ്യത്തേക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തോട് നൽകിയ അഭിമുഖത്തിൽ, അതൊക്കെയങ്ങ് സംഭവിക്കുന്നതാണെന്നാണ് കാർത്തി പറഞ്ഞത്. വാണിജ്യ സിനിമകളാണെങ്കിൽ പോലും അത് പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്നതായിരിക്കണം.

ഒരു സ്ക്രിപ്റ്റ് വരുമ്പോൾ താൻ ഇത്തരം കാര്യങ്ങൾ നോക്കാറുണ്ടെന്നും കാർത്തി അഭിമുഖത്തിൽ പറഞ്ഞു. ആർട്ട് സിനിമകളൊഴികെ ബാക്കിയെല്ലാ സിനിമകളും താൻ കാണാറുണ്ടെന്നും അത്തരം സിനിമകൾ (ആർട്ട് സിനിമകൾ) കാണാനുള്ള ബുദ്ധിയും ക്ഷമയും തനിക്കില്ലെന്നും കാർത്തി അഭിമുഖത്തിൽ വ്യക്തമാക്കി. സിനിമ സംവിധാനം ചെയ്യാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. കുറേ നാളത്തേക്ക് ഈ ചോദ്യത്തിന് തനിക്കൊരു ഉത്തരം ഇല്ലായിരുന്നു. ഇപ്പോൾ ഞാൻ ചെയ്യുന്നു. എനിക്കൊരു ആശയമുണ്ട് അത് ഞാൻ ചെയ്യുന്നു. അതൊരു ഫാന്റസിയാണ്.

ഇവിടുത്തെ പ്രശ്നമെന്താണെന്ന് വച്ചാൽ ഒരു എഴുത്തുകാരനായാൽ മാത്രമേ സംവിധായകനാകാൻ കഴിയൂ എന്നതാണ്. അതുകൊണ്ട് എനിക്കത് വികസിപ്പിക്കണം. അതിനിപ്പോൾ എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ല, നമുക്ക് കാണാം- എന്നാണ് കാർത്തി അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. ജപ്പാൻ ആണ് കാർത്തിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. താരത്തിന്റെ കരിയറിലെ 25-ാമത്തെ ചിത്രം കൂടിയാണ് ജപ്പാൻ.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തേ പുറത്തുവന്നിരുന്നു. അനു ഇമ്മാനുവലാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജപ്പാന് ശേഷം ലോകേഷ് കനകരാജ് ചിത്രം കൈതി 2 ഉം കാർത്തിയുടേതായി ഒരുങ്ങുന്നുണ്ട്.

AJILI ANNAJOHN :