വയസ്സാൻ കാലത്ത് വേലപ്പനും വേല കിട്ടി !

കേരളം രണ്ടാം പ്രളയ ദുരന്തം നേരിടുമ്പോഴും ഒരു ലക്ഷത്തിലേറെ രൂപ ശമ്പളത്തില്‍ തന്റെ ഓഫീസില്‍ പ്രത്യേക നിയമനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് കൊച്ചി കടവന്ത്ര സ്വദേശിയായ മുതിര്‍ന്ന അഭിഭാഷകന്‍ എ. വേലപ്പന്‍ നായരെ നിയമിച്ചത്. 1.10 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം. നിയമനം രണ്ടാഴ്ച മുന്‍പ് മന്ത്രിസഭ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴാണ് ഉത്തരവിറങ്ങിയത്. ഒരു ലക്ഷം രൂപയിലധികം ശമ്പളത്തില്‍ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി ഹൈക്കോടതി അഭിഭാഷകന്‍ എ വേലപ്പന്‍ നായരെ സർക്കാർ നിയമിച്ചത് വിവാദത്തിലായിരിക്കുകയാണ്. വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. 

വയസ്സാൻകാലത്ത് വേലപ്പനും വേല കിട്ടി. ശമ്പളം മാസം 76000. വേലയും കൂലിയുമില്ലാതെ നടക്കുന്ന വേലായുധൻമാർ ഇനിയുമുണ്ടാവില്ലേ എ. കെ. ജി സെന്ററിൽ. അവർക്കും കൂടി കൊടുക്കണം സാർ. ഒടുക്കത്തെ കൊടുക്കലല്ലേ ഇനി ഒരിക്കലും കൊടുക്കാൻ കഴിയില്ലല്ലോ. മാസം 14000 രൂപയ്ക്ക് എന്തൊടുക്കത്തെ ആനുകാലികങ്ങളാണ് ഇയാൾ വാങ്ങി വായിക്കാൻ പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വാങ്ങുന്ന കൂട്ടത്തിൽ ഒരു ജ്ഞാനപ്പാന വാങ്ങി മുഖ്യമന്ത്രിയെ ഒന്നു വായിച്ചു കേൾപ്പിക്കാൻ വേലപ്പൻ സഖാവിനോട് വിനീതമായി അപേക്ഷിക്കുന്നു എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. 

മുന്‍ മന്ത്രി എളമരം കരീമിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എ വേലപ്പൻ. അഡ്വക്കറ്റ് ജനറല്‍ ഓഫിസിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക. അഡ്വക്കറ്റ് ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ടു കേസുകളുടെ പുരോഗതി നീരീക്ഷിക്കുന്നതും ചുമതലയാണ്. അഡ്വക്കേറ്റ്  ജനറലും 140 സര്‍ക്കാര്‍ അഭിഭാഷകരും നിലവിലരിക്കെയാണ് ഈ പുതിയ തസ്തിക ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിന് മാത്രമായി നിയമിച്ച് ഈ സ്‌പെഷ്യല്‍ ഓഫീസരുടെ ഒരു മാസത്തെ ശമ്പളം മാത്രം 1,10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 

സീനയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. സര്‍ക്കാര്‍ കേസ് നടത്തിപ്പിനും ഉപദേശങ്ങള്‍ക്കും അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറലമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരും, പ്ലീഡര്‍മാരും, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുമായി 140ല്‍ അധികം പേര്‍ സര്‍ക്കാര്‍ ശമ്പളം പറ്റി ഹൈക്കോടതിയില്‍ ഉണ്ട്. അതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെക്കൂടി നിയമിച്ചിരിക്കുന്നത്.  ഗവ. പ്ലീഡറുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത് അനുസരിച്ചാണ് വേലപ്പന്‍ നായരുടെ ശമ്പളം 1.10 ലക്ഷംരൂപയാക്കി നിശ്ചയിച്ചത്. അടിസ്ഥാന ശമ്പളം 76,000 രൂപ. ടെലഫോണ്‍-ഇന്റര്‍നെറ്റ് ബത്ത 1000 രൂപ, യാത്രാബത്ത 19,000 രൂപ. ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വാങ്ങുന്നതിന് 14,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്.

സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ പേഴ്‌സണ്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് എ. വേലപ്പന്‍ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ എ. സമ്പത്തിനെയും, കെ. രാജനെ ചീഫ് വിപ്പായും നിയമിച്ചത് ഏറെ വിവാദമായിരുന്നു. കൂടാതെ സംസ്ഥാനം പ്രളയം പോലെ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍വ്യയം. ഇതിനെതിരെ ഫേസ്ബുക്കിലാണ് കെ. സുരേന്ദ്രന്‍ പിണറായിക്കെതിരെ രംഗത്തെത്തിയത്.

k surendran against pinarayi vijayan

Sruthi S :