നോക്കുമ്പോൾ മമ്മൂക്കയുടെ വയറ്റിൽ എന്റെ കയ്യുടെ ചോരപ്പാട് – ജോജു ജോർജ്

മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളിലെയും സാന്നിധ്യമാണ് ജോജു ജോർജ് .മമ്മൂട്ടി നായകനായി എത്തി 2000-ൽ റിലീസ് ചെയ്ത ദാദാ സാഹിബിലാണ് ആദ്യമായി ഡയലോഗ് പറയാനുള്ളൊരു വേഷം ലഭിച്ചതെന്ന് ജോജു പറയുന്നു. ആ സിനിമയുടെ സെറ്റിൽ നടന്ന രസകരമായൊരു സംഭവവും ജോജു വെളിപ്പെടുത്തുകയുണ്ടായി. ജോസഫ് സിനിമയുടെ 125ാം വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജോജു. മമ്മൂട്ടിയായിരുന്നു മുഖ്യാതിഥിയായി എത്തിയത്. 

‘99–ലാണ് ഞാൻ ആദ്യമായി ഡയലോഗ് പറയുന്നത്. ദാദാ സാഹിബ് എന്ന സിനിമയിൽ. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാൻ അഭിനയിക്കേണ്ടത്, മമ്മൂക്കയെ വയറ്റിൽ പിടിച്ച് തള്ളി മാറ്റുന്നൊരു രംഗവും. ഞാൻ ആത്മാർത്ഥമായി പിടിച്ചുമാറ്റി.’

‘സീൻ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോൾ വിനയൻ സാർ ചോദിച്ചു ‘എന്തെങ്കിലും പറ്റിയോന്ന്?’. മമ്മൂക്ക ഷർട്ട് പൊക്കി നോക്കിയപ്പോൾ, വയറ്റിൽ ഞാൻ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുന്നതാണ് കണ്ടത്. എന്റെ ആത്മാർത്ഥ മുഴുവൻ ഞാൻ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്.

‘ആ പാട് കണ്ടപ്പോൾ എന്റെ കാര്യം ഇതോടെ തീർന്നു എന്നാണ് വിചാരിച്ചത്. എന്നാൽ എന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. അവിടുന്നങ്ങോട്ട് എത്രയോ വേഷങ്ങളിൽ അദ്ദേഹം എന്നെ കൂടെക്കൂട്ടി. രാജാധിരാജ ഉൾപ്പടെ. മാർട്ടിൻ പ്രക്കാട്ട് എന്നോട് ഇടയ്ക്കിടെ പറയും, ‘നമ്മുടെ മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ എന്തായേനെ’. എന്തുകാര്യവും പറയാൻ പറ്റുന്ന മഹാനായ വ്യക്തി നമ്മുടെ കൂടെ ഉണ്ട് എന്നു പറയുന്നത് തന്നെ വലിയ കാര്യം. എന്നെപ്പോലെ ഒരുപാട് പേരെ സഹായിച്ച മഹാവ്യക്തിത്വത്തിന് നന്ദി.’

നല്ല സിനിമയുടെ വിജയമാണ് ജോസഫിന്റെ വിജയമെന്ന് മമ്മൂട്ടി പറഞ്ഞു. ‘വിജയങ്ങൾ വളരെ ചെറുതാവുന്ന കാലത്താണ് ഇതുപോലൊരു വലിയ വിജയമുണ്ടാകുന്നത്. ഇതൊരു ചെറിയ ചിത്രത്തിന്റെ വലിയ വിജയമോ വലിയ ചിത്രത്തിന്റെ വലിയ വിജയമോ ആകാം. സിനിമ വലതും ചെറുതെന്നുമില്ല, നല്ലതും ചീത്തയെന്നുമേ ഒള്ളൂ. എല്ലാ സിനിമകൾക്കും ഒരേ ടിക്കറ്റ് റേറ്റ് ആണ്. പ്രേക്ഷകനെ സംബന്ധിച്ചടത്തോളം അവന് എല്ലാ സിനിമകൾക്കും ഒരേവിലയാണ്. അതിന്റെ മേന്മ കൊണ്ടാണ് ഓരോ സിനിമയും വലുതാകുന്നത്. ഇതൊരു നന്മയുള്ള സിനിമയായതുകൊണ്ടാണ് ആളുകൾ ഇഷ്ടപ്പെട്ടത്. ഇതിൽ അഭിനയിച്ച ആളുകളെല്ലാം വളരെ നന്നായി. സംഗീതം അതിമനോഹരമായിരുന്നു. തിരക്കഥയിലും പുതിയൊരു സമീപനമുണ്ടായിരുന്നു.’–മമ്മൂട്ടി പറഞ്ഞു.

joju george about mammootty

Sruthi S :