കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു ; ഈ ഒറ്റക്കാരണം കൊണ്ട് വീട്ടിലിരിക്കേണ്ടി വന്നേനെ ; ജാഫർ ഇടുക്കി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജാഫർ ഇടുക്കി. കോമഡി കഥാപാത്രങ്ങളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളിൽ ഇദ്ദേഹം സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. കിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെ നന്മയറ്റത്തോടെ ആണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.

ചുരുളി എന്ന സിനിമയിലെ പ്രകടനമാണ് അടുത്തിടെ ഇതിലേറ്റവും കൂടുതൽ ജനശ്രദ്ധ നേടിയത്. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ ജാഫർ ഇടുക്കി അവതരിപ്പിച്ചു. ഡയലോ​ഗ് ഡെലിവറിയിലെ പ്രത്യേകതയാണ് ജാഫർ ഇടുക്കിയെ നടനെന്ന രീതിയിൽ വ്യത്യസ്തനാക്കുന്നത്. ജാഫർ ഇടുക്കിയിലെ നടനെ കൂടുതൽ ഉപയോ​ഗിക്കാൻ പറ്റുന്ന സിനിമകളും ഇന്ന് തേടിയെത്തുന്നു.

ഷെയ്ൻ നി​ഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയതുൾപ്പെടെ മലയാള സിനിമയിൽ നിലവിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയായിരുന്നു ജാഫർ ഇടുക്കി. . വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരെയും മറ്റൊരു ആരോപണം വന്നിരുന്നെന്നും നിരപരാധിയാണെന്ന് വ്യക്തമായെങ്കിലും അപ്പോഴേക്കും താനനുഭവിക്കാനുള്ളത് അനുഭവിച്ചിരുന്നെന്നും ഇദ്ദേഹം പറയുന്നു

കുറേ വർഷം മുമ്പ് അനുഭവിച്ച യാതനകളുണ്ട്. പ്രധാന ചാനലുകളിൽ കൂടിയായിരുന്നു കലാഭവൻ മണിയുമായുള്ള കാര്യങ്ങളൊക്കെ വന്ന് കൊണ്ടിരുന്നത്. ഇന്ന് ആ കേസൊക്കെ തള്ളിപ്പോയി. ഇനി എന്നോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം. ഞാൻ അനുഭവിക്കാനുള്ളത് അനുഭവിച്ചു. കാര്യമറിയാതെ കുറേ സംസാരിച്ചു. ഞാനൊരു വൈദിക കുടുംബത്തിലുള്ള ആളാണ്. ഒരു വ്യക്തിക്ക് മേൽ ആരോപണം ഉന്നയിക്കുമ്പോൾ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാൾ പ്രതിയല്ലല്ലോ.

അന്ന് സോഷ്യൽ മീഡിയയൊന്നുമില്ല. പക്ഷെ ഇന്നാണെങ്കിൽ ഈ ഒറ്റക്കാരണം കൊണ്ട് വീട്ടിലിരിക്കേണ്ടി വന്നേനെ. നമ്മൾ വാ തുറന്നാൽ മറ്റുള്ളവർ അറിയും. അതിനാൽ നമ്മൾ മാനം മര്യാദയ്ക്ക് ജീവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയെന്നും ജാഫർ ഇടുക്കി അഭിപ്രായപ്പെട്ടു.

ഞാൻ ഷെയ്ൻ നി​ഗത്തിനോടൊപ്പം അടുത്ത് അഭിനയിച്ച പടം ഇഷ്കാണ്. എനിക്കാ കുഞ്ഞിനെ അറിയാം. ചെറുപ്പം തൊട്ടേ അറിയാവുന്നതാണ്. ഇന്നേവരെ എനിക്ക് മുഷിപ്പുണ്ടാക്കുന്നതോ, ഈ പറയപ്പെടുന്ന രീതിയിൽ ലൊക്കേഷനിൽ വരുന്നതോ ഞാൻ കണ്ടിട്ടില്ല. ഞാൻ ഉള്ള കാര്യമാണ് പറയുന്നത്. എനിക്കിപ്പോഴും നമ്മുടെ മോനെപ്പോലൊരു കുഞ്ഞാണ്. പറയുന്നവർ കൃത്യമായ തെളിവുകൾ കൊണ്ട് വരണം. ചുമ്മാ ഒരാൾക്കെതിരെ ആരോപണമുന്നയിക്കരുതെന്നും ജാഫർ ഇടുക്കി അഭിപ്രായപ്പെട്ടു.

നടൻ കലാഭവൻ മണിയുടെ മരണത്തോടനുബന്ധിച്ച് വന്ന അഭ്യൂഹങ്ങളാൽ ജാഫർ ഇടുക്കിയെയും അന്ന് പൊലീസ് ചോദ്യം ചെയ്തിരുന്നു. മണി മരിക്കുന്നതിന്റെ തലേന്ന് കൂട്ടുകാർക്കൊപ്പം മദ്യപിച്ചിരുന്നു, ജാഫർ ഇടുക്കിയുൾപ്പെടെയുള്ള സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആരോപണം വന്നതോടെ ഇവരെല്ലാം സംശയ നിഴലിലായി. മണിയുടെ സുഹൃത്തെന്ന കാരണത്താൽ താനടക്കമുള്ള നാൽപതോളം പേർ തീ തിന്നുകയാണെന്നും അന്ന് ജാഫർ ഇടുക്കി പറഞ്ഞു.

കേസ് നിലനിൽക്കവെ ചില സംവിധായകർ അവരുടെ സിനിമകളിലേക്ക് തന്നെ കാസ്റ്റ് ചെയ്യാൻ മടിച്ചെന്നും അന്ന് ജാഫർ ഇടുക്കി പറഞ്ഞു. തന്നെ അഭിനയിപ്പിച്ചാൽ ഡേറ്റിന്റെ പ്രശ്നങ്ങളുണ്ടാവുമോ എന്ന ഭയമായിരുന്നു അവർക്കെന്നും നടൻ ചൂണ്ടിക്കാട്ടി. എന്നാൽ പിന്നീട് മണിയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിച്ചു.

മണിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജാഫർ ഇടുക്കി സംസാരിച്ചിരുന്നു. ഏത് രാജ്യത്ത് പോയാലും മണി തന്നെ കൂടെ കൂട്ടുമായിരുന്നു. ഒരുമിച്ച് ഒരു റൂമിൽ കിടന്നുറങ്ങുമായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണിയെന്നും ജാഫർ ഇടുക്കി അന്ന് പറഞ്ഞു. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിക്കുന്നത്. നടന്റെ ശരീരത്തിൽ രാസവസ്തുക്കളുടെ അശം കണ്ടെത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്. എന്നാൽ പിന്നീട് കരൾ രോ​ഗമാണ് മരണ കാരണമെന്ന് തെളിഞ്ഞു.

AJILI ANNAJOHN :