ഇറച്ചിയുമായി നിന്നയാൾ ശ്വാസമടക്കി സിംഹത്തിന് മുന്നിൽ കിടന്നു ;നരസിംഹത്തിന്റെ അണിയറക്കഥ

ഇന്ദുചൂഡനായി മോഹൻലാൽ എത്തിയിട്ട് 18 വർഷം കഴിഞ്ഞു. ”നീ പോ മോനേ ദിനേശാ…” എന്ന ഡയലോഗും അതിലെ സിംഹവുമൊന്നും ഒരു മലയാളികളും അത്ര പെട്ടന്ന് മറക്കില്ല. മോഹൻലാൽ എന്ന താരത്തിന്റെ ഗാംഭീര്യം ഇരട്ടിച്ച് നൽകിയ കഥാപാത്രം ഇന്ദുചൂഡനിലെ സിംഹം വന്ന കഥ പറയുകയാണ് ഷാജി കൈലാസ്.

ഓരോ സിനിമയ്ക്ക് പിറകിലും ഒരു കഥയുണ്ടാകും, സംവിധായകന് ഒരുപാട് പറയാനുണ്ടാകും. ചിത്രത്തിലെ ഒരു രംഗം ജീവന്‍ പണയം വച്ചാണ് തങ്ങള്‍ ചിത്രീകരിച്ചതെന്ന് പറയുകയാണദ്ദേഹം. ഇന്ദുചൂഡന്‍ എന്ന ‘സിംഹ’ത്തിന് പുറമെ ചിത്രത്തില്‍ യഥാര്‍ഥത്തിലുള്ള ഒരു സിംഹമുണ്ടായിരുന്നു. സിംഹം സിനിമയില്‍ എങ്ങനെ വന്നു, ആ കഥ പറയുകയാണ് ഷാജി കൈലാസ്.

 

‘ഇന്റര്‍വെല്ലിന് ശേഷമുള്ള ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല. അടുത്ത ഷെഡ്യൂള്‍ നീട്ടിക്കിട്ടിയാല്‍ എല്ലാംകൊണ്ടും ഗുണം ചെയ്യും. അതിന് വേണ്ടിയുള്ള പ്രോപ്പര്‍ട്ടികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കാന്‍ ഒരു സിംഹം വേണമെന്ന് ഞാന്‍ പറഞ്ഞു. സംഗതി നടക്കില്ല എന്നാണ് വിചാരിച്ചത്. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു. രാവിലെ എഴുന്നേറ്റപ്പോള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ഒരു ആള്‍ക്കൂട്ടവും ബഹളവും. ജനല്‍ വാതില്‍ തുറന്ന് പുറത്ത് നോക്കിയപ്പോള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഒരു കൂട്ടില്‍ ഒരു സിംഹം. തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍ ഒരാള്‍ വളര്‍ത്തുന്ന സിംഹത്തെ പ്രെഡാക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ പരപ്പനങ്ങാടി പൊക്കികൊണ്ടുവന്നതാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്യണം. 

അടുത്ത ദിവസം ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടിവരുന്ന സിംഹത്തെ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തു. സിംഹത്തിന്റെ അരയില്‍ ഇരുമ്പ് കമ്പിക്കയര്‍ കെട്ടി ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിക്കും. അപ്പോള്‍ കെട്ടിയ കമ്പി അയച്ചിട്ടാല്‍ സിംഹം അലറിക്കൊണ്ട് ഓടിവരും.

സിംഹം ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ പിറകില്‍ നിന്ന് കമ്പി വലിച്ച് പിടിച്ച് നിര്‍ത്തും. ഞാന്‍ ആക്ഷന്‍ പറഞ്ഞു, സിംഹം ക്യാമറയ്ക്ക് നേരെ കുതിച്ചു, ആ ഓട്ടത്തിന്റെ ശക്തിയില്‍ സിംഹത്തിന് പിറകില്‍ കെട്ടിയ കമ്പി വിട്ടുപോയി. ഞങ്ങള്‍ പേടിച്ചു വിറച്ചു. ഇറച്ചുമായി നിന്നയാള്‍ സിംഹത്തിന് നേരേ ഓടി. അതിന്റെ മുന്നില്‍ ശ്വാസം വിടാതെ കമിഴ്ന്നു കടന്നു. സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി. സിംഹം അയാളെ മണക്കാന്‍ വന്നപ്പോള്‍ പിറകില്‍ നിന്ന് വന്നയാള്‍ കെട്ടിയ തമ്പി വലിച്ചു പിടിച്ചു നിര്‍ത്തി. ശ്വാസം പിടിച്ചു നിന്നാല്‍ സിംഹം ഉപദ്രവിക്കില്ലത്രേ. ഇന്നാണെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഗ്രാഫിക്‌സ് വച്ച് ചെയ്യാം.’ 



interview with shaji kailas

HariPriya PB :