‘അഭിനയത്തിൽ ഞാന്‍ സര്‍ക്കാര്‍ ജീവനക്കാരനെപ്പോലെ’; സൗബിന്‍ ഷാഹിര്‍

നടനായും സംവിധായകനായും ഹാസ്യതാരമായും തിളങ്ങിയ നടനാണ് സൗബിൻ ഷാഹിർ. ഓരോ മേഖലയിലും തന്റെ കഴിവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം. പതിവ് കോമഡി ട്രാക്ക് വിടുമോ എന്ന ചോദ്യത്തിന് താന്‍ അഭിനയത്തില്‍ സര്‍ക്കാര്‍ ജോലിക്കാരനെ പോലെയാണെന്നാണ് സൗബിന്‍ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൗബിൻ തന്റെ അഭിനയത്തെപ്പറ്റി വ്യക്തമാക്കിയത്.

വരുന്നതെല്ലാം ചെയ്യണമെന്നാണ് എന്റെ ലൈന്‍. ജോലി ചെയ്യുക എന്നതാണു പ്രധാനം. ഏതു നന്നാവും ഏതു നന്നാവില്ലെന്നു നേരത്തെ തീരുമാനിക്കാന്‍ കഴിയില്ല. വന്നതില്‍ മിക്കതും നന്നായി. അതില്‍ നന്നാവാത്ത ക്യാരക്ടേഴ്‌സുമുണ്ട്. പക്ഷേ എനിക്ക് എല്ലാം ഒരേ പോലെ തന്നെയാണു തോന്നിയിട്ടുളളത്. നമ്മള്‍ ശരിക്കും സര്‍ക്കാര്‍ ജോലിക്കാരനെ പോലെയാണ്. പണിയെടുക്കുക. വെറുതേ വീട്ടിലിരുന്നിട്ട് കാര്യമില്ലല്ലോ. സന്തോഷമായി അതു ചെയ്യുന്നു.

സെക്കൻഡ് മൂവിയെക്കുറിച്ച് പ്ലാനുണ്ടെന്നും സൗബിൻ പറഞ്ഞു. പറവയ്ക്കു വേണ്ടി അഭിനയിക്കാനുളള ഒട്ടേറെ പടങ്ങൾ മാറ്റി വച്ചിരുന്നു. അവ ഓരോന്നുമാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. സമയം കിട്ടുമെങ്കിൽ ഈ വർഷം അവസാനത്തോടെ രണ്ടാമത്തെ ചിത്രത്തിന്റെ വർക്ക് തുടങ്ങും.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്, അൻവർ റഷീദ് – ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്, ദുൽക്കർ നായകനാകുന്ന ഒരു യമണ്ടൻ പ്രണയകഥ എന്നിവയാണു റിലീസിനു തയാറെടുക്കുന്ന ചിത്രങ്ങൾ. വേറെ കുറച്ചു സിനിമകൾ കൂടി വരാനുണ്ട്.

interview with saubin shahir

HariPriya PB :